സഞ്ചാരത്തിന്റെ കാണാപ്പുറങ്ങൾ
കാർത്തിക
ഇന്ത്യൻ പര്യവേഷകനും സഫാരി ടി വി സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങരയുടെ ജീവിതയാത്രയിലൂടെ
ഒന്നു മുടക്കി രണ്ട് നേടുന്നവരെയാണ് സാധാരണ നമ്മൾ വിജയി എന്ന് വിളിക്കാറ്. പക്ഷെ ഞാൻ രണ്ട് വെച്ച് ഒന്ന് മാത്രം നേടിയ ആളാണ്. എന്റെ ഒരു സ്ഥാപനത്തിൽ നിന്നും സാമ്പത്തികമായി ഞാൻ നേടിയിട്ടില്ല. അതു കൊണ്ട് ആ അർത്ഥത്തിൽ ഞാൻ ഒരു വിജയി അല്ല. ഒരു നേട്ടം മാത്രമാണ് സ്വന്തമായി ഉള്ളത്. കുറേയേറെ മനുഷ്യരെ കണ്ടു. അവരുടെ ലോകത്ത് അവർക്കൊപ്പം ഒരു സഞ്ചാരിയായി.
മരങ്ങാട്ടുപിള്ളി ആർട്സ് കോളജും അപ്പനും
ഭാഗ്യവശാൽ ഞാൻ ജനിച്ചതും വളർന്നതും യാത്രകളെ സ്നേഹിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന കുടുംബത്തിലായിരുന്നു. എൻ്റെ പിതാവ് അക്കാലത്ത് പാരലൽ കോളജ് അധ്യാപകനായിരുന്നു. അദ്ദേഹത്തിന് ഒരു ശീലമുണ്ടായിരുന്നു. വർഷത്തിൽ രണ്ടോ മൂന്നോ തവണ പാരലൽ കോളജിലെ വിദ്യാർഥികളുമായി പഠനയാത്ര. മരങ്ങാട്ടുപിള്ളി ആർട്സ് കോളേജ് എന്ന പാരലൽ കോളജിൽ നിന്നുള്ള അത്തരം യാത്രകളിൽ ഞങ്ങൾക്കും സീറ്റ് ഉറപ്പായിരുന്നു. കാരണം പാരലൽ കോളേജിലെ പെൺകുട്ടികൾക്ക് കൂട്ട് അമ്മയായിരുന്നു
എന്നെയും സഹോദരിമാരായും തനിച്ച് വീട്ടിലിരുത്താൻ കഴിയാത്തതുകൊണ്ട് അപ്പൻ ഞങ്ങളെയും കൂട്ടുമായിരുന്നു. ഡ്രൈവർ സീറ്റിനോട് ചേർന്നിരിക്കുന്ന ബാറ്ററിപ്പെട്ടി കാലാകാലങ്ങളോളം ഞങ്ങൾക്ക് മാത്രം മാറ്റിവെയ്ക്കപ്പെട്ട ഇരിപ്പിടമായിരുന്നു. അവിടിരുന്നാണ് ഞാൻ ആദ്യമായി ഗോവയും ഹൈദരാബാദും മൈസൂരും ഊട്ടിയുമൊക്കെ കാണുന്നത്. അന്ന് വെറുതെ യാത്രചെയ്ത് കാഴ്ചകൾ കണ്ട് മടങ്ങി വന്നാൽ പോരായിരുന്നു. ഓരോ യാത്രയുടെയും അവസാനം, വീട്ടിലെത്തിക്കഴിഞ്ഞാൽ കൃത്യമായ ഒരു കാര്യം അപ്പന് കൊടുത്തിരിക്കണം; യാത്രാവിവരണം. അടുത്തയാത്രയിൽ സീറ്റ് വേണമെങ്കിൽ അത് നിർബന്ധമാണ്. ചിലപ്പോൾ എഴുതി നൽകിയില്ലായിരുന്നെങ്കിലും അപ്പൻ കൊണ്ടുപോകുമായിരുന്നേനെ. പക്ഷെ ഞങ്ങൾ അതിന് മുടക്കം വരുത്തിയിരുന്നില്ല. യാത്രകൾ കാഴ്ചകൾ കാണാനും ആഹ്ലാദിക്കാനും മാത്ര മുള്ളതല്ലെന്നും മറ്റുള്ളവനുമായി പങ്കുവയ്ക്കാൻ കൂടിയുള്ളതുമാണെന്ന പാഠം എന്നെ പഠിപ്പിച്ചത്. അപ്പനാണ്.
ഒറ്റയ്ക്കൊരു സഞ്ചാരി
ജേണലിസത്തിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ ശേഷം ടെലിവിഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ തൊഴിൽ കണ്ടെത്താനായിരുന്നു ശ്രമം. പക്ഷെ വിജയിച്ചില്ല. അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്ന സമയത്താണ് ഞാൻ വായനയിലേക്ക് തിരിയുന്നത്. ഒരു ദിവസം എസ്.കെ പൊറ്റക്കാടിന്റെ പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ അറിയാതെ ബാല്യകാലത്തിലെ യാത്രകൾ മനസ്സിൽ മിന്നിമറഞ്ഞു. അപ്പോൾ തോന്നി. പൊറ്റക്കാട് എഴുത്തിലൂടെ മറ്റുള്ളവർക്ക് ലോകം കാണിച്ചുകൊടുക്കുന്നു. എങ്കിൽ പിന്നെ എന്തുകൊണ്ട് അത് ക്യാമറയിൽ പകർത്തി കാണിച്ചുകൂടാ? പിന്നീടുള്ള എൻ്റെ ആലോചനകൾ മുഴുവൻ അതിനെക്കുറിച്ചായിരുന്നു. ഏറ്റവും വലിയ വെല്ലുവിളി ക്യാമറ സ്വന്തമാക്കലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു സെക്കന്റ് ഹാൻഡ് ക്യാമറ ഞാൻ സ്വന്തമാക്കി. പിന്നെ ആ ക്യാമറ ഓപ്പറേറ്റ് ചെയ്യാൻ പഠിച്ചു. അതിൻ്റെ ഭാഗമായി ഇന്ത്യയിൽ തെക്കുവടക്ക് പലയാവർത്തി സഞ്ചരിച്ചു. ഇന്ന് കാണുന്ന സഞ്ചാരത്തിൻ്റെ റഫ് വർക്കുകളായിരുന്നു അത് എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ നാളുകൾ നീണ്ട പഠനത്തിനൊടുവിൽ ക്യാമറയെ ഞാൻ എൻ്റെ വരുതിയിലാക്കി. ഒടുവിൽ ലോകം ചുറ്റി സഞ്ചരിക്കാനുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. പക്ഷേ ഒപ്പം വലിയൊരു സഹായകവൃന്ദത്തെ കൊണ്ടുപോകാൻ മാത്രം സാമ്പത്തികം കൈയിലുണ്ടായിരുന്നില്ല. അതുകൊണ്ട് നന്നായി വണ്ടി ഓടിക്കാൻ അറിയാമായിരുന്ന ഞാൻ തന്നെ എൻ്റെ ഡ്രൈവറായി, ക്യാമറയും അനുബന്ധ ഉപകരണങ്ങളും ചുമക്കാനുള്ള ശേഷി ഉണ്ടായിരുന്നതുകൊണ്ട് ഞാൻ തന്നെ എന്റെ അസിസ്റ്റന്റായി, ക്യാമറയും സംവിധാനവും സ്ക്രിപ്റ്റും എല്ലാം സ്വയം ഏറ്റെടുത്തു. അങ്ങനെ 1997 ഒക്ടോബർ 24 ന് കൊച്ചിയിലെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞാനും എന്റെ ക്യാമയും നേപ്പാളിലേക്ക് ആരംഭിച്ച യാത്രയാണ് ഇന്നും തുടരുന്നത്.
ചാനൽ ലൈബ്രറികളിൽ ഉറങ്ങിയ എന്റെ സഞ്ചാരം
ഓരോ യാത്രയും കഴിഞ്ഞ് മടങ്ങിവന്നാൽ ഉടൻ ഞാൻ അവയെല്ലാം എഡിറ്റ് ചെയ്ത് കാസറ്റുകളിലാക്കി ചാനൽ ഓഫീസുകളിലേക്ക് പായും. അന്ന് മൂന്ന് ചാനലുകളാണ് ഉള്ളത്. ദൂരദർശൻ, ഏഷ്യാനെറ്റ്, കൈരളി. കാസറ്റ് നോക്കി എല്ലാ പ്രോഗ്രാം പ്രൊഡ്യൂസേഴ്സും നെറ്റിചുളിച്ച് പറയും. ഇത് ഡോക്യുമെന്ററി സ്വഭാവമുള്ളതല്ലേ, ആളുകൾ കാണുമോ? പിന്നെ നോക്കാം. ഇത്രയും പറഞ്ഞ് എന്റെ കാസറ്റുകൾ അവർ ലൈബ്രറിയിൽ സൂക്ഷിക്കും. അങ്ങനെ 1997 മുതൽ 2001 വരെ എന്റെ സഞ്ചാരം ചാനൽ ലൈബ്രറിക്കുള്ളിൽ ഉറങ്ങി. ഒടുവിൽ 2001 ൽ എന്നെ ഏഷ്യാനെറ്റിൽ നിന്നും വിളിച്ചു. എന്നോട് പറഞ്ഞു. പരിപാടി കൊള്ളാം. ഞങ്ങൾ ഇപ്പോഴാണ് കണ്ടത്. ഇത് സംപ്രേഷണം ചെയ്യാം. പക്ഷെ പ്രതിഫലം ഒന്നും പ്രതീക്ഷിക്കരുത്. എന്തുവേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഞാൻ അവിടെ ഇരുന്ന് ആലോചിച്ചു. എന്തു ചെയ്യും! അപ്പോഴേക്കും പരിഹാസവും കുത്തുവാക്കുകളും കാരണം നാട്ടിലും ബന്ധുക്കൾക്കിടയിലും നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കാരണം വർഷം കുറേയായി അവർക്കിടയിലൂടെ സഞ്ചിയും തൂക്കി നടക്കുന്നു. ഒരു രൂപ പോലും സമ്പാദിച്ചിട്ടുമില്ല, ചെയ്ത കാര്യങ്ങളൊന്നും ആരും കണ്ടിട്ടുമില്ല.അപ്പോഴേക്കും ഞാൻ വിവാഹവും കഴിച്ചിരുന്നു. ഒടുവിൽ തീരുമാനിച്ചു. പ്രതിഫലം കിട്ടിയില്ലെങ്കിലും സാരമില്ല, നാലുപേർ ഇത് കാണുകയെങ്കിലും ചെയ്താൽ നാട്ടിൽ തലയുയർത്തി നടക്കാമല്ലോ. അങ്ങനെ 2001 മുതൽ 2002 വരെ യാതൊരു പ്രതിഫലവുമില്ലാതെ എന്റെ സഞ്ചാരം എപ്പിസോഡുകൾ എഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു.
പക്ഷെ ഇതിനിടയിൽ മറ്റു ചില കാര്യങ്ങൾ സംഭവിച്ചു. ഏഷ്യാനെറ്റിലേക്ക് സഞ്ചാരം എപ്പിസോഡിന്റെ സിഡികൾ ചോദിച്ച് ആളുകൾ വിളിക്കാൻ തുടങ്ങി. ഏഷ്യാനെറ്റിൽ നിന്ന് എന്നെ വിവരമറിയിച്ചു. ആദ്യം ഞാൻ അത് കാര്യമായി എടുത്തില്ല. വീണ്ടും വിളികളുടെ എണ്ണം കൂടിയപ്പോൾ ഞാൻ സിഡി റൈറ്റ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ സഞ്ചാരം സിഡിയിലാക്കി ഞാനും എന്റെ സുഹൃത്തുക്കളും കൂടി ഉണ്ടാക്കിയ ഒരു സ്റ്റിക്കറും ഒട്ടിച്ച് ആളുകൾക്ക് അയച്ചുകൊടുക്കാൻ തീരുമാനിച്ചു. ഇത് അധികകാലം ഓടില്ലെന്ന് കരുതി ഞാൻ ഒരു സിഡി സെറ്റിന് 3500 രൂപ വിലയിട്ടു. അക്കാലത്ത് അത് ഒരു വലിയ തുക തന്നെയാണ്. പക്ഷെ എൻ്റെ ഊഹം തെറ്റി ആളുകൾ ആ വില കൊടുത്തും അത് വാങ്ങി.

സഫാരിയിലേക്ക്
സഞ്ചാരം സിഡികൾ ആളുകൾ ഏറ്റെടുത്തപ്പോൾ എനിക്ക് മനസ്സിലായി, യാത്രകളും അനുബന്ധവിവരങ്ങളും ജനങ്ങൾ ഏറെ ഇഷ്ട പ്പെടുന്നുണ്ടെന്ന്. പിന്നിടുള്ള എന്റെ പഠനം എങ്ങനെ ഒരു ചാനൽ യാഥാർത്ഥ്യമാക്കാം എന്നതായിരുന്നു. അങ്ങനെ ഒരു ടെലിവിഷൻ ചാനലുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ഞാൻ പഠിച്ചെടുത്തു. പിന്നെ ഒരു ടീമിനെ ഉണ്ടാക്കി. സാങ്കേതിക വിദ്യ ഒരുപാട് വളർന്നതുകൊണ്ട് വലിയ മാൻപവർ ഇല്ലെങ്കിലും ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്താൽ ചാനൽ മുമ്പോട്ട് കൊണ്ടുപോകാം. അങ്ങനെ സഫാരി സാധ്യമായി. ഒരു രൂപയുടെ പോലും പരസ്യമില്ലാതെ പ്രവർത്തിക്കുന്ന ചാനലാണ് സഫാരി.
ഈ കാലയളവിൽ ഞാൻ പഠിച്ച ഒരു സത്യമുണ്ട്. പണത്തെ വെറുക്കാൻ നിങ്ങൾ തയ്യാറായാൽ ജീവിതത്തിൽ വിജയിക്കും. പണമല്ല നിങ്ങളുടെ സ്വപ്നങ്ങളാണ് ലക്ഷ്യമെങ്കിൽ അതിനുവേണ്ടി അദ്ധ്വാനിക്കാൻ തയ്യാറാണെങ്കിൽ പണം ഒരു തടസമാകില്ല. നിങ്ങളുടെ സ്വപ്നത്തിൽ സത്യമുണ്ടെങ്കിൽ അതിനെ യാഥാർത്ഥ്യമാക്കാൻ ആവശ്യമുള്ളനെല്ലാം തനിയെവരും. വേണ്ടത് നിരന്തരം അതിനെക്കുറിച്ച് പഠിക്കാനും അധ്വാനിക്കാനുമുള്ള ഒരു മനസ്സ് മാത്രമാണ്. നമ്മൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഉള്ളടക്കം മൂല്യമുള്ളതെങ്കിൽ ആവശ്യക്കാർ നമ്മളെ തേടിവരും.
നാളെയെക്കുറിച്ച് ആശങ്ക ഇല്ല
എന്റെ ഓരോ യാത്രയും അടുത്ത നിമിഷം ഒരു പ്രതിസന്ധി എന്നെ കാത്തിരുപ്പുണ്ട് എന്ന് മനസ്സിലുറപ്പിച്ചു കൊണ്ടാണ്. അത്രമാത്രം പ്രിപ്പെയിഡ് ആണ് ഞാൻ. മിക്കവാറും എൻ്റെ എല്ലാ യാത്രകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഓഫീസിൽ നിന്നാണ്. ഓരോ യാത്രയ്ക്ക് മുമ്പും എന്റെ ഓഫീസ് ടേബിളിൽ ഒരു എ ഫോർ ഷീറ്റ് പേപ്പറിൽ എന്റെ കൈപ്പടയിൽ ഞാൻ കൃത്യമായും ചില കാര്യങ്ങൾ എഴുതി വെക്കാറുണ്ട്. ഞാൻ ഈ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയില്ലെങ്കിൽ എങ്ങനെയാണ് ഈ സ്ഥാപനം പ്രവർത്തിക്കേണ്ടത് എന്ന കുറിപ്പാണ് അത്. തിരിച്ചെത്തിയാൽ ഒന്നുകിൽ ആ പേപ്പർ സുരക്ഷിതമായി മാറ്റി വെയ്ക്കും അല്ലെങ്കിൽ കീറിക്കളയും. എനിക്കറിയാം എന്റെ യാത്രകൾ തിരിച്ചുവരാൻ സാധ്യതയില്ലാത്ത യാത്രകൾ കൂടിയാണെന്ന് അങ്ങനെ ഞാൻ തിരിച്ചു വന്നില്ലെങ്കിൽ എങ്ങനെ ആയിരിക്കണം നാളത്തെ സഫാരി, എങ്ങനെയായിരിക്കണം നാളത്തെ ലേബർ ഇന്ത്യ, എങ്ങനെയായിരിക്കണം നാളെ എന്റെ സഹപ്രവർത്തകർ എന്ന് കൃത്യമായി കുറിപ്പ് എഴുതിവെച്ചിരിക്കും. ഒരു കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. സഞ്ചാരത്തിലെയോ സഫാരിയിലെയോ ഒരു പരിപാടിയും ഒരാളുടെയും അസാന്നിധ്യത്തിൽ നിന്ന് പോകില്ല. പല പണികളും അറിയാവുന്ന, എല്ലാ ജോലികളിലും ഇടപെടാൻ അറിയുന്ന, ചെറുതെങ്കിലും മിടുക്കരായ ഒരു സംഘത്തെയാണ് ഞാൻ ഇവിടെ വളർത്തിയെടുക്കുന്നത്. അവർ ഈ ലോകത്ത് പരാജയപ്പെടുന്നവരാകില്ല. നാളെ ഈ പ്രസ്ഥാനം മുമ്പോട്ട് നയിക്കാൻ അവർക്ക് സാധിക്കും.

