പരാജയത്തെ മുട്ടുകുത്തിച്ച ‘വിജയേതിഹാസം’
ഷിൻസ് ജോസഫ്
ദാരിദ്ര്യം പോലും സമ്പത്തായി കരുതി കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ എഡിജിപി പി.വിജയൻ തൻ്റെ ജീവിതവീക്ഷണം പങ്കുവയ്ക്കുന്നു.
എൻ്റെ വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നെന്നും ദാരിദ്ര്യം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്നുമാണ് മാധ്യമങ്ങളും ആളുകളും പറയുന്ന ഒരു കാര്യം. എന്നാൽ എനിക്കതിനെ പോസിറ്റീവായി സമീപിക്കാനാണിഷ്ടം. ബുദ്ധിമുട്ട് സാമ്പത്തികമായാണ്. എന്റെ വീട്ടിൽ സ്നേഹത്തിന് പഞ്ഞമില്ല. സ്വാതന്ത്ര്യത്തിന് കുറവില്ല. ഇതൊന്നുമില്ലാത്തത് വലിയ ദാരിദ്യമാണ്. ദാരിദ്ര്യത്തെ കാണുന്ന രീതിയാണ് നമ്മളെ ദരിദ്രനും സമ്പന്നനുമാക്കുന്നത്.
വിപണിയിലുള്ള മായമുള്ള അരി വാങ്ങി കഴിക്കാനാവാത്തതായിരുന്നു എൻ്റെ ദാരിദ്ര്യം. വിഷമടിച്ച പച്ചക്കറി വാങ്ങാൻ കാശില്ല എന്നതായിരുന്നു എൻ്റെ ദാരിദ്ര്യം. ഗുണമില്ലാത്ത മായം കലർന്ന പാക്കറ്റ് പാൽ കുടിക്കാൻ കഴിയാതിരുന്നത് എൻ്റെ ദാരിദ്ര്യമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനാണ് വീട്ടിൽ പണമില്ലാതിരുന്നത്. എന്നാൽ ഈ സാധനങ്ങളൊന്നും വീട്ടിലില്ല എന്നർത്ഥമില്ല. സ്വന്തമായി നെൽകൃഷി ഉണ്ടായിരുന്നതുകൊണ്ട് അരിക്ക് ക്ഷാമമുണ്ടായിരുന്നില്ല. പച്ചക്കറിത്തോട്ടമുള്ളതിനാൽ പച്ചക്കറിക്കും പശുവുണ്ടായിരുന്നതിനാൽ പാലിനും ക്ഷാമമുണ്ടായിരുന്നില്ല. നല്ല നാടൻ കോഴിയിൽ നിന്ന് മുട്ടയും സുലഭമായി ലഭിച്ചിരുന്നു. പണമില്ലാത്തതുകൊണ്ടു മാത്രം ഒരാൾ ദരിദ്രനാകുന്നതെങ്ങനെ?
പഠനവും പാർട്ട് ടൈം ജോലിയും
ഒരുപക്ഷെ, ഞാൻ നിർബന്ധിച്ചിരുന്നെങ്കിൽ കൂലിപ്പണിക്കാരനായ എന്റെ അച്ഛൻ കഷപ്പെട്ട് എന്റെ പഠനച്ചെലവ് വഹിക്കുമായിരുന്നു. എന്നാൽ ആ സമയത്ത് നിരവധി ജോലിസാധ്യതകൾ നമ്മുടെ നാട്ടിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തിലേ എന്നെക്കൊണ്ട് കഴിയുന്ന പല ജോലികളും ഞാൻ ചെയ്തിട്ടുണ്ട്. വീടുകൾക്ക് പെയിന്റടിക്കുന്നതിനു പുറമെ കെട്ടിട നിർമാണ ജോലിയും ചെയ്തിരുന്നു. ഒരുകാലത്ത്, ഞാൻ കൺസ്ട്രക്ഷൻ സൈറ്റിലെ സുപ്പർവൈസറും പാരലൽ കോളേജ് അധ്യാപകനുമായിരുന്നു. സ്വന്തമായി സോപ്പ് നിർമ്മാണയൂണിറ്റും പിന്നീട് കിടക്ക നിർമ്മാണവും തുടങ്ങി. ജോലി ചെയ്ത സമയത്തെല്ലാം ഞാൻ പഠിക്കുകയും ചെയ്തിരുന്നു. തുടർന്ന് നല്ല മാർക്കോടെ യു.ജി.സി. ജെ.ആർ.എഫ് പരീക്ഷകൾ പാസ്സാകുകയും കോളേജ് ലക്ചററായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.പിന്നീടാണ് ഇന്ത്യൻ പോലീസ് സർവ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലെ റസ്റ്റോറന്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ,പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ കൊളേജ് വിദ്യാർത്ഥികൾ പാർട് ടൈമായി ജോലി ചെയ്യാറുണ്ട്. അങ്ങനെ ജോലി ചെയ്യുന്നവരിൽ ഇംഗ്ലീഷുകാരും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. അവിടെ റസ്റ്റോറന്റുകളിൽ വെയിറ്റർമാരായി ജോലി ചെയ്യാൻ നല്ല കോളേജ് വിദ്യാർത്ഥികളെ കിട്ടും. ദിനംപ്രതി നാലു മുതൽ അഞ്ചു മണിക്കൂർ വരെ വളരെ ആത്മാർത്ഥമായി ജോലി ചെയ്യുന്നത് അവരെ സംബന്ധിച്ച് ബാധ്യതയല്ല ധനസമ്പാദനമാർഗവും രസവുമാണ്.
മൂന്നുവർഷത്തെ ഒരു ബിരുദ കോഴ്സിന് ചേർന്നാൽ 36 മാസമാണ് നമ്മുടെ കുട്ടികൾ കോളേജിൽ പോകുന്നത്. കഷ്ടിച്ച് അതിലൊരുമാസം മുഴുവൻ പോലും ആരും പഠിക്കുന്നുണ്ടാകില്ല. ബാക്കി 15 മാസം നാം വെറുത കളയും. ഇന്നത്തെ യുവതിയുവാക്കൾ കോളജിൽ പോയി ത്തുടങ്ങിയാൽ പിന്നെ അടുത്ത മൂന്നുവർഷം കോളേജ് തന്നെ ശരണം. അതിനാൽത്തന്നെ അവരുടെ കൈ കാലുകൾക്കും ചിന്തകൾക്കും ശക്തിയുണ്ടാകില്ല. ജീവിതത്തിൽ ക്ലേശങ്ങൾ അനുഭവിക്കാത്തതുമൂലം അവർക്ക് മനോബലവും കുറവായിരിക്കും. സ്കൂളുകളിൽനിന്നും കോളേജുകളിൽനിന്നും പരിമിതമായ അറിവുകൾ മാത്രം ലഭിക്കുമ്പോൾ ജീവിതത്തിൽ പല മേഖലകളിൽ നിന്നും ലഭിക്കുന്ന അറിവുകൾക്ക് വ്യാപ്തിയേറും. അത്തരം അറിവുകൾ ഭാവി ജീവിതത്തിൽ നമുക്കങ്ങേയറ്റം ഉപകാരപ്രദമായിരിക്കും.
പഠിക്കുന്ന കാലത്ത് രണ്ടു ദിവസം ജോലി ചെയ്താൽ ലഭിക്കുന്ന ആയിരം രൂപ നിത്യച്ചെലവുകൾക്ക് ധാരാളം മതിയാകും. കമ്പ്യൂട്ടർ ഓൺലൈൻ ജോലികൾക്ക് വലിയ സാധ്യതയാണുള്ളത്. വീട്ടിലിരുന്ന് ഓൺലൈൻ വഴി അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും കുട്ടികളെ പഠിപ്പിച്ച് വരുമാന മുണ്ടാക്കുന്ന ധാരാളം പേരുണ്ട്. പഠനം പൂർത്തിയായ ശേഷം ജോലി അന്വേഷിക്കുക എന്നതിലുപരി പഠനത്തോടൊപ്പം ജോലി ചെയ്യുക എന്നതാകണം നമ്മുടെ പോളിസി. പോലീസ് അക്കാദമിയിൽനിന്ന് ലഭിച്ച പരിശീലനത്തേക്കാൾ ജോലിക്കിടയിലെ പല പ്രശ്നങ്ങളും പരിഹരി ക്കാൻ എന്നെ സഹായിച്ചത് ചെറുപ്പത്തിൽ ജോലി ചെയ്യുമ്പോൾ ലഭിച്ച അനുഭവങ്ങളാണ്.
തോൽവി തന്ന വിജയം
ഞാൻ പത്താം ക്ലാസ്സിൽ പരാജയപ്പെട്ട ആളാണ്. തുടർന്ന് രണ്ടു മാസം രാത്രികാല ക്ലാസ്സിൻ പോയ ശേഷമാണ് വീണ്ടും പരീക്ഷ എഴുതിയത്. കല്ലുചെത്തൽ പണിക്കു ശേഷം രാത്രി എട്ടു മുതൽ പത്തു വരെയായിരുന്നു പഠനം. ഡിഗ്രിക്ക് ചേർന്നപ്പോഴും കോളേജിൽ പോയിരുന്നില്ല. പകരം കൂലിപ്പണി ചെയ്തു. രണ്ടു വിഷയത്തിന് മാത്രം ട്യൂഷന് പോയിരുന്നു. പരീക്ഷാഫലം വന്നപ്പോൾ നല്ല മാർക്കോടെയാണ് ഞാൻ പാസ്സായത്. എന്നാൽ ബി.എ എക്കണോമിക്സിന് പ്രവേശനം കിട്ടിയപ്പോൾ കെട്ടിടനിർമ്മാണം അവസാനിപ്പിച്ചു. പകരം സോപ്പ് നിർമ്മാണവും കിടക്ക നിർമ്മാണവും തുടങ്ങി.
തോൽവി എന്നത് കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണ്. നിങ്ങൾ കീഴടങ്ങിയോ എന്നതാണ് ചോദ്യം. ജീവിതത്തിൽ ഒരാളും പൂർണ്ണമായി വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തിട്ടില്ല. നമ്മളെങ്ങനെ പ്രയാസങ്ങളെ അഭിമുഖികരിക്കുന്നു എന്നതാണ് വെല്ലുവിളി. അല്ലാതെ തിരയൊഴിഞ്ഞിട്ട് കപ്പലോടിക്കാം എന്നതായിരിക്കരുത് നമ്മുടെ നയം. പ്രശ്നങ്ങളും വെല്ലുവിളികളും അവസരങ്ങളായി കണ്ടവർ മാത്രമാണ് ജീവിതത്തിൽ വിജയിച്ചിട്ടുള്ളത്.
വായന തന്നെ വളം
വളരെയധികം നോവലുകളൊന്നും ഞാൻ വായിച്ചിട്ടില്ല. ചെറുപ്പത്തിൽ ഒരുപാട് വായിച്ചിരുന്നു. ഇപ്പോൾ വായിക്കുന്നത് സാമ്പത്തിക ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ്. രണ്ട് രീതിയിലുള്ള വായനക്കാരുണ്ട് .ഒന്ന് വല്ലപ്പോഴും മാത്രം എന്തെങ്കിലും വായിക്കുന്ന വിഭാഗം. രണ്ട് വായിക്കുമ്പോൾ ലഭിക്കുന്ന രസത്തിനായി വായിക്കുന്ന വിഭാഗം. ഇവരാരും മോശക്കാരല്ല. അന്നന്നത്തെ രസത്തിനായി വായിക്കുന്ന നിരവധി ആളുകളെ എനിക്കറിയാം. ഞാൻ വായിച്ചതിനെക്കാൾ പതിന്മടങ്ങ് പുസ്തകങ്ങൾ അവർ വായിച്ചിട്ടുണ്ടാകും. എന്നാൽ ചിലർ വായനയെ ജീവിതവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കും. ഞാനും വായനയിൽനിന്ന് കിട്ടുന്ന അറിവുകളെ ജീവിതവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിൽ പേയേപ്പോൾ ഹർവാർഡ് ബിസിനസ് സ്കൂളിന്റെ ‘ടെൻ മസ്റ്റ് റീഡ് എന്ന പുസ്കങ്ങൾ വാങ്ങിച്ചു. അതിലെ ഓരോ പുസ്കങ്ങൾ വായിക്കുമ്പോൾ വ്യത്യസ്തങ്ങളായ അറിവാണ് നമുക്ക് ലഭിക്കുന്നത്. ഒന്ന് നയതന്ത്രത്തെപ്പറ്റി പ്രതിപാദിക്കുന്നതാണെങ്കിൽ മറ്റൊന്ന് നേതൃത്വത്തെപ്പറ്റി പറയുന്നതാണ്. പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവ് നമുക്ക് ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്യാം
എബ്രാഹം ലിങ്കന്റെ ജീവചരിത്രമാണ് എൻ്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടത്. പലതും നേടണമെന്ന് എനിക്ക് പറഞ്ഞുതന്നത് ആ പുസ്തകമായിരുന്നു. ലിങ്കൻ ജീവിതത്തിലെ കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന മനുഷ്യനാണ്. കുടുംബത്തിലും സമൂഹത്തിലും നേരിട്ട പല പ്രയാസങ്ങളും അദ്ദേഹത്തെ തളർത്തിയിരുന്നു. എന്നാൽ എല്ലാം തൻ്റെ ഇച്ഛാക്തിയാൽ നേരിടുകയാണ് ലിങ്കൻ ചെയ്തത്.

കുടുംബം നൽകുന്ന ശക്തി
മുൻ കൊച്ചി കലക്ടറായ ബീന വിജയൻ ഐ.എ.എസ്സാണ് എന്റെ ജിവിതപങ്കാളി. മകൾ വിഷ്ണുപ്രിയ. മകൻ വിഘ്നേശ്. ആറ് കൂടപ്പിറപ്പുകളാണ് എനിക്കുള്ളത്.
അച്ഛന്റെ അക്കൗണ്ടിൽ കാര്യമായി ഒന്നുമുണ്ടാകില്ല എന്ന ഉപദേശമാണ് ഞാൻ മക്കൾക്ക് ഇടയ്ക്കിടെ നൽകിയിരുന്നത്. അവരെ പാസ്ബുക്ക് കാണിക്കാനും ഞാൻ മടിക്കാറില്ല. എന്റെ അച്ഛൻ എനിക്കുവേണ്ടി പണം സമ്പാദിച്ചിട്ടില്ല. അതിനാൽ ഞാനും എന്റെ മക്കൾക്കായി പണം സമ്പാദിക്കേണ്ട കാര്യമില്ല. അവർക്ക് വേണ്ടത് അവർ സ്വയം നേടുന്നതാണ് നല്ലത്. അതേസമയം അവർക്ക് വിദ്യാഭ്യാസം നൽകേണ്ടത് എന്റെ ചുമതലയാണ്. എന്നാൽ പണം മുടക്കി വിദ്യാഭ്യാസം വാങ്ങേണ്ട കാര്യമില്ല. കാരണം, ഞാൻ പണം കൊടുത്തല്ല പഠിച്ചത്. ഞാൻ പഠിച്ചതെല്ലാം സർ നങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളിലുമാണ്. പൊതു വിദ്യാഭ്യാസത്തിന്റെ സന്തതിയാണ് ഞാൻ. പഠനസാധ്യത ഉപയോഗപ്പെടുത്തി നന്നായി പഠിക്കുക. അവരവരുടെ ലോകം സൃഷ്ടിക്കുക. എല്ലാവരെയും സ്നേഹിക്കുക, സഹായിക്കുക എന്ന ഉപദേശമാണ് ഞാനും ഭാര്യയും മക്കൾക്ക് നൽകാറുള്ളത്.

