നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ആക്ഷൻ കൗൺസിൽ വക്താവ് സർഹാൻ ഷംസാൻ അൽ വിസ്വാബി

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ആക്ഷൻ കൗൺസിൽ വക്താവ് സർഹാൻ ഷംസാൻ അൽ വിസ്വാബി

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരന്റെ വാദങ്ങൾ തള്ളി തലാൽ ആക്ഷൻ കൗൺസിൽ വക്താവ് സർഹാൻ ഷംസാൻ അൽ വിസ്വാബി. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. മതപണ്ഡിതന്മാരുടെ ഉന്നത ഇടപെടലിലൂടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായുള്ള വഴികൾ തുറക്കുന്നുണ്ടെന്നും തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി പുറത്തുവിടുന്ന വിവരങ്ങൾ ആധികാരികമല്ലെന്നും വിസ്വാബി പറഞ്ഞു.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുൽ ഫത്താഹ് മഹ്ദിയുടെ വാദം. കാന്തപുരവുമായോ ഷെയ്ഖ് ഹബീബ് ഉമറുമായോ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് അവകാശപ്പെട്ടിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫത്താഹിന്റെ അവകാശവാദങ്ങൾ.
നിമിഷ പ്രിയയുടെ മോചനത്തിൽ തനിക്ക് യാതൊരു ക്രെഡിറ്റും വേണ്ടെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില ആൾക്കാർ ക്രെഡിറ്റ് സമ്പാദിക്കാൻ വേണ്ടി എന്തൊക്കെയോ പറഞ്ഞുവെന്നും തനിക്ക് ആ ക്രെഡിറ്റ് വേണ്ടെന്നുമായിരുന്നു പാലക്കാട് നടന്ന എസ്എസ്എഫ് സാഹിത്യോത്സവത്തിന്റെ സമാപന ചടങ്ങിൽ അദ്ദേഹം പറഞ്ഞത്. മോചനത്തിനായി യെമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹാഫിള് വഴി ഇടപെട്ടിരുന്നുവെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *