റിവ്യൂസ് റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍
വന്‍ ഹൈപ്പോടെ തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് തമിഴ് സൂപ്പര്‍ താരം സൂര്യ നായകനായ കങ്കുവ. പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ലെന്ന് മാത്രമല്ല താരത്തിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ക്കും ചിത്രം വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ തീയേറ്ററുകളില്‍ സിനിമകള്‍ റിലീസായി മൂന്ന് ദിവസത്തേക്ക് യൂട്യൂബ് ചാനലുകളിലെ ചലച്ചിത്ര നിരൂപണം നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പെറ്റിഷന്‍ ഫയല്‍ ചെയ്തു. മദ്രാസ് ഹൈക്കോടതിയിലാണ് പെറ്റിഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
അഭിഭാഷകനായ വിജയന്‍ സുബ്രഹ്മണ്യന്‍ മുഖേനയാണ് ടിഎഫ്എപിഎ കേസ് ഫയല്‍ ചെയ്തത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുതുതായി റിലീസ് ചെയ്ത സിനിമകള്‍ അവലോകനം ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ സിനിമാ നിരൂപകര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിട്ട് ഹര്‍ജി ഇന്ന് ജസ്റ്റിസ് എസ്.സൗന്തര്‍ പരിഗണിക്കും.
സിനിമാ നിരൂപണങ്ങളുടെ പേരില്‍ വ്യക്തിഹത്യയും വിദ്വേഷവും വളര്‍ത്തുന്നതിനെ തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ നേരത്തെ നാല് പേജ് നീണ്ട പ്രസ്താവനയില്‍ അപലപിച്ചിരുന്നു. ഇന്ത്യന്‍ 2, വേട്ടയ്യന്‍, കങ്കുവ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളെ YouTube FDFS പൊതു നിരൂപണങ്ങള്‍ വളരെയധികം ബാധിച്ചുവെന്നും തിയേറ്ററുകളില്‍ യൂട്യൂബര്‍മാരെ നിരോധിക്കണമെന്നും തമിഴ്നാട് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടു.

