സർക്കാരിന് പൂസാണോ എന്ന് സംശയിക്കേണ്ട ഗതികേട്: കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി എം എം സഞ്ജീവ് കുമാർ
കേരള സർക്കാരിൻറെ മദ്യനയത്തിനെതിരെ കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി എം എം സഞ്ജീവ് കുമാർ ആരംഭിച്ച നിരാഹാര സത്യാഗ്രഹം അസാനിപ്പിച്ചു. നാല് ദിവസത്തെ കഠിനമായ ഉപവാസത്തിന് ശേഷമാണ് നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനാലല്ല. ആരോഗ്യം ക്ഷയിച്ചതിനാലാണ് നിരാഹാര സത്യാഗ്രം അവസാനിപ്പിച്ചതെന്ന് സഞ്ജീവ് കുമാർ പറഞ്ഞു. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള സർക്കാർ നീക്കത്തിനെതിരെ മരണം വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു ഹൈക്കോടതി വിധി മാനിക്കാതെ മദ്യം വിപണിയിൽ എത്തിക്കുവാനുള്ള സർക്കാർ ഏജൻസികളുടെ തീരുമാനത്തിനെതിരെയും പുതിയമദ്യനയത്തിനെതിരെയും എം എം സഞ്ജീവ് കുമാർ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചത്.
സിനിമാ താരങ്ങൾ പോലും മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും പരസ്യങ്ങളിൽ നിന്ന് മാറിനിൽക്കുമ്പോൾ സർക്കാർ മദ്യത്തിന് പേരിടാൻ നടത്തിയ മത്സരം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചത് ഇവിടെയുള്ള ജനങ്ങളെ കൊലയ്ക്ക് കൊടുക്കലാണ്. ബാറുകളുടെ പ്രവർത്തനസമയം കൂട്ടിയത് വാഹനാപകടങ്ങൾ വർധിക്കാനിടയാക്കുമെന്നും സമൂഹത്തിൽ അക്രമങ്ങൾ പെരുകുന്നതിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് ലംഘിച്ച് മദ്യം വിപണിയിലെത്തിക്കാൻ സർക്കാർ നടത്തിയ കൊണ്ടുപിടിച്ച ശ്രമം സർക്കാരിന്റെ പോക്കറ്റ് വീർപ്പിക്കാനും സാധാരണക്കാരന്റെ കരള് വാട്ടി ലിവർ സിറോസിസിനാൽ അവന്റെ വയറ് വീർപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിൽ ഇന്നുവരെ കേൾക്കാത്ത മദ്യത്തിന് പേരിടൽ ചടങ്ങ് സർക്കാർ സംഘടിപ്പിച്ചത് വെളിവോടെയല്ലെന്നും സർക്കാരിന് മൊത്തിൽ പൂസാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജീവ് കുമാറിന്റെ നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, ജെബി മേത്തർ എംപി, വിനോദ് സെൻ, കെ. മുരളീധരൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ്, ഷാഫി പറമ്പിൽ എംപി എന്നിവർ സമരപന്തലിലെത്തിയിരുന്നു. ഫെബ്രുവരി 21 നാണ് സഞ്ജീവ് കുമാർ നിരാഹാരം ആരംഭിച്ചത്.

