പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ; ഫ്രഞ്ച് പ്രസിഡന്റുമായും യുഎസ് വൈസ് പ്രസിഡന്റുമായും കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ; ഫ്രഞ്ച് പ്രസിഡന്റുമായും യുഎസ് വൈസ് പ്രസിഡന്റുമായും കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി. പാരീസിലെ എലിസി കൊട്ടാരത്തിൽ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായും കൂടിക്കാഴ്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തുടങ്ങിയവരും അത്താഴവിരുന്നിൽ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഫ്രാൻസിലെത്തിയത്. സന്ദർശനത്തിന് ശേഷം ഫ്രാൻസിൽ നിന്ന് അദ്ദേഹം യുഎസിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.
ഫ്രാൻസിലെത്തിയ മോദി മാക്രോണിനോടൊപ്പം എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിയുടെ സഹ-അധ്യക്ഷനാകും. അതിന് ശേഷം മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചക്കോടിയിൽ പങ്കെടുക്കുന്ന ആഗോള ബിസിനസ് സംരംഭകരുമായി അദ്ദേഹം ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തേയും അദ്ദേഹം അഭിസംബോധന ചെയ്യും. മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള 2047 ഹൊറൈസൺ റോഡ് മാപ്പിന്റെ പുരോഗതി വിലയിരുത്താനും അവസരം നൽകുമെന്ന് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബുധനാഴ്ച മാക്രോണും മോദിയും മസാർഗസ് സെമിത്തേരി സന്ദർശിക്കും. അവിടെ വെച്ച് നടക്കുന്ന ചടങ്ങിൽ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിക്കും. കൂടാതെ മാർസെയിലിൽ പ്രവർത്തനം ആരംഭിക്കുന്ന ഫ്രാൻസിലെ ആദ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് മോദിയും മാക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ഫ്രാൻസിലെ ഇന്റർനാഷണൽ തെർമോന്യൂക്ലിയാർ എക്സ്പിരിമെന്റൽ റിയാക്ടർ പ്രോജക്ടും മോദി സന്ദർശിക്കും. ഇത് ആറാം തവണയാണ് മോദി ഫ്രാൻസ് സന്ദർശിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Spread the love

admin.story

Related Posts

Leave a Reply

Your email address will not be published. Required fields are marked *