‘വാഹന ഇടപാടിലെ ഇടനിലക്കാരൻ, പരിവാഹൻ ആപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചു’; നടൻ അമിത് ചക്കാലക്കലിനെതിരെ കുരുക്ക് മുറുന്നു.
കൊച്ചി: ഭൂട്ടാൻ വാഹന ഇടപാടുമായി ബന്ധപ്പെട്ട കസ്റ്റംസ് അന്വേഷണം ഇപ്പോൾ നടൻ അമിത് ചക്കാലക്കലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് ഇടപാടിൽ അമിത് ഇടനിലക്കാരനാണെന്നാണ് കസ്റ്റംസ് നിഗമനം . പ്രീമിയം വാഹനങ്ങളുടെ വിൽപ്പനയിൽ നടന് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. കോയമ്പത്തൂർ വാഹന വ്യാപാര സംഘത്തെയും നടനെയും വിശദമായി ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർ ഇപ്പോൾ ഒരുങ്ങുകയാണ്.
കേസിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയതായി പറയപ്പെടുന്ന 200 വാഹനങ്ങളിൽ 38 എണ്ണം മാത്രമേ കണ്ടെടുത്തിട്ടുള്ളൂ. വ്യാഴാഴ്ചയും അമിതിനെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്ക് വിളിപ്പിച്ചു, പിടിച്ചെടുത്ത വാഹനത്തിന്റെ രേഖകൾ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കൈമാറി. പരിവാഹൻ ആപ്പിൽ കൃത്രിമം കാണിക്കാൻ അമിത് ശ്രമിച്ചതായും സംശയിക്കുന്നു.
ഓപ്പറേഷൻ നംഖോറുമായി ബന്ധപ്പെട്ട അന്വേഷണം ഹിമാചൽ പ്രദേശിലേക്ക് വ്യാപിപ്പിച്ചു. ഭൂട്ടാൻ വാഹനങ്ങളുടെ രേഖകൾ ഷിംല റൂറൽ ആർടി ഓഫീസിൽ നിന്ന് തരംതിരിച്ചു. എം പരിവാഹൻ വെബ്‌സൈറ്റിൽ ഈ വാഹനങ്ങൾ ഉൾപ്പെടുത്തുന്നതിൽ അമിത് ചക്കാലക്കലും പങ്കാളിയാണെന്ന് കസ്റ്റംസ് വിശ്വസിക്കുന്നു. ഇത് സ്ഥിരീകരിക്കാൻ ആർടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
അതേസമയം, ഇടപാടിലെ ഇടനിലക്കാരൻ താനാണെന്ന കസ്റ്റംസിന്റെ വാദങ്ങൾ അമിത് തള്ളിക്കളഞ്ഞു, എന്നാൽ കോയമ്പത്തൂർ സംഘത്തിൽ നിന്ന് പലപ്പോഴും വാഹന ഭാഗങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ചു.

