‘നാഥനില്ലാ കളരി ; നിർമാതാവ് ജി സുരേഷ് കുമാറിന്റെ പ്രസ്താവനയെ അപലപിച്ച് അഡ്ഹോക്ക് കമ്മിറ്റി

‘നാഥനില്ലാ കളരി ; നിർമാതാവ് ജി സുരേഷ് കുമാറിന്റെ പ്രസ്താവനയെ അപലപിച്ച് അഡ്ഹോക്ക് കമ്മിറ്റി

താരസംഘടനയായ ‘അമ്മ’യെ നാഥനില്ലാക്കളരി എന്ന് വിശേഷിപ്പിച്ച നിർമാതാവ് ജി സുരേഷ് കുമാറിന്റെ പ്രസ്താവനയെ അപലപിക്കുകയാണെന്നും മേലിൽ ഇങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പുവേണമെന്നും അഡ്ഹോക്ക് കമ്മിറ്റി. ‘നാഥനില്ലാ കളരി എന്നെല്ലാം വിശേഷിപ്പിക്കാൻ തോന്നിയ അപക്വബുദ്ധിയെ ഞങ്ങൾ അപലപിക്കുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ആൾ എന്ന നിലക്ക് മേലിൽ അത്തരം അനൗചിത്യപരമായ പ്രസ്താവനകൾ താങ്കളുടെ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല എന്ന് ഉറപ്പുതരേണ്ടതും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ താങ്കളുടെ ധാർമകമായ ഉത്തരവാദിത്തമാണ് എന്ന് മാത്രം ഓർമപ്പിക്കട്ടെ’ – കത്തിൽ പറയുന്നു.

കത്തിന്റെ പൂർ‌ണരൂപം

ഒരു മുഖവുരയുടെ ആവശ്യമില്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടക്കാമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം താങ്കൾ നേതൃത്വം കൊടുക്കുന്ന മലയാള സിനിമാ നിർമ്മാതാക്കൾ നടത്തിയ ഒരു വാർത്ത സമ്മേളനം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അതിൽ താങ്കളുടെ സംഘടന മുന്നോട്ടുവെച്ച വിഷയങ്ങൾ അല്ല ഈ എഴുത്തിനു നിദാനം, മറിച്ച് താങ്കളുടെ സംഘടനയിലുള്ളവരിൽ ചിലർ പ്രസ്തുത വാർത്ത സമ്മേളനത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഞങ്ങളുടെ സംഘടനയിലെ അംഗങ്ങൾക്ക് വിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നു എന്ന പറയട്ടെ.

അഞ്ഞൂറിലധികം അംഗങ്ങളുള്ള, നല്ല രീതിയിൽ നടന്നു വരുന്ന മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ ‘‘അമ്മ” യെ വളരെ മോശമായ രീതിയിൽ പരാമർശിച്ചതിൽ ഞങ്ങൾക്കുള്ള പ്രതിഷേധം അറിയിക്കട്ടെ.
ധാർമ്മികമായ ചില തീരുമാനങ്ങളെ മുൻനിർത്തി നിലവിലുണ്ടായിരുന്ന ഭരണ സിമിതി പിരിച്ച് വിട്ട് അതേ ഭരണസിമിതി തന്നെ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയായി അടുത്ത ജനറൽ ബോഡി മീറ്റിങ് വരെ പ്രവർത്തിക്കുക എന്നത് സംഘടനാ പ്രവർത്തന പരിചയം ഉള്ളവരോട് പ്രത്യേകം മനസ്സിലാക്കിത്തരേണ്ട ആവശ്യമില്ലല്ലോ .

മുൻപൊന്നുമില്ലാത്തവിധം പ്രസ്തുത അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനമാണ് “‘അമ്മ” സംഘടന കഴിഞ്ഞ മാസങ്ങളിൽ കാഴ്ചവെച്ചത് എന്നത് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അറിയാം.
‘അമ്മ അംഗങ്ങളുടെ കുടുംബസംഗമവും റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച സൗജന്യ വൈദ്യസഹായ പദ്ധതിയും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയ്ക്കും സങ്കൽപ്പിക്കാൻ പോലുമാകാത്തതാണ്. ഇങ്ങനെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഞങ്ങളുടെ സംഘടനയെ “നാഥനില്ലാ കളരി” എന്നെല്ലാം വിശേഷിപ്പിക്കാൻ തോന്നിയ അപക്വബുദ്ധിയെ ഞങ്ങൾ അപലപിക്കുന്നു.
സംഘടനയുടെ നേതൃത്വത്തിലുള്ള ആൾ എന്ന നിലക്ക് മേലിൽ അത്തരം അനൗചിത്യപരമായ പ്രസ്താവനകൾ താങ്കളുടെ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല എന്ന് ഉറപ്പുതരേണ്ടതും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ താങ്കളുടെ ധാർമ്മികമായ ഉത്തരവാദിത്തമാണ് എന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ.

Spread the love

admin.story

Related Posts

Leave a Reply

Your email address will not be published. Required fields are marked *