ജാനകി vs സ്റ്റേറ്റ് ഓഫ് കേരള കേരള ഹൈക്കോടതി കാണും, ചിത്രം കണ്ട ശേഷം ഹർജികൾ പരിഗണിക്കും

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള കേരള ഹൈക്കോടതി കാണും, ചിത്രം കണ്ട ശേഷം ഹർജികൾ പരിഗണിക്കും

കൊച്ചി: വിവാദമായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ കേരള ഹൈക്കോടതി കാണും. ശനിയാഴ്ച ചിത്രം കാണണമെന്ന് കോടതി അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടത്തെ ലാൽ മീഡിയയിൽ ജസ്റ്റിസ് എൻ നാഗരേഷിന് മുന്നിൽ ചിത്രം പ്രദർശിപ്പിക്കും. ചിത്രം കണ്ട ശേഷം അടുത്ത ചൊവ്വാഴ്ച ഹർജികൾ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുന്നുണ്ടോ എന്നും ‘ജാനകി’ എന്ന പേര് ആരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നും ഹൈക്കോടതി സെൻസർ ബോർഡിനോട് നേരത്തെ ചോദിച്ചിരുന്നു. സിനിമയുടെ പേരിൽ നിന്നും സംഭാഷണത്തിൽ നിന്നും ‘ജാനകി’ എന്ന പേര് മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിന് വ്യക്തമായ കാരണം നൽകണമെന്നും ജസ്റ്റിസ് എൻ നാഗരേഷ് നിർദ്ദേശിച്ചിരുന്നു.

‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ (ജെഎസ്‌കെ) എന്ന സിനിമയിൽ മാറ്റങ്ങൾ വരുത്തണമെന്നും സെൻസർ ബോർഡിന്റെ അവലോകന സമിതി നിർദ്ദേശിച്ചിരുന്നു. ഈ ആവശ്യം പ്രഥമദൃഷ്ട്യാ പ്രായോഗികമല്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. മതപരവും വംശീയവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും രംഗങ്ങളും ഒഴിവാക്കണമെന്ന് ഫിലിം സർട്ടിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ഇന്ത്യയിലെ 80 ശതമാനം പേരുകളും ദൈവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സെൻസർ ബോർഡിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ഷാലിന, ബലാത്സംഗത്തിന് ഇരയായ കഥാപാത്രത്തിനാണ് ജാനകി എന്ന പേര് നൽകിയിരിക്കുന്നതെന്നും ഇത് സംസ്കാരത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. ജാനകി ഒരു കുറ്റവാളിയല്ല, ഇരയാണെന്നും പോരാടി വിജയിച്ച നായികയാണെന്നും കോടതി പ്രതികരിച്ചു. കേസുകൾ കാരണം സുരേഷ് ഗോപി നായകനായ ‘ജെ.എസ്.കെ’യുടെ റിലീസ് വൈകുകയാണ്. ജൂൺ 23 ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്. സെൻസർ ബോർഡും റിവൈസിംഗ് കമ്മിറ്റിയും ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ചിരുന്നു.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *