ഹലോ, സൂപ്പർ സ്റ്റാർ വിഷ്ണു ഉണ്ണികൃഷൻ അല്ലേ; അതുകേട്ട് ഒരുപാട് നേരം ചിരിച്ചു; വിഷ്ണു ഉണ്ണികൃഷ്ണൻ

ഹലോ, സൂപ്പർ സ്റ്റാർ വിഷ്ണു ഉണ്ണികൃഷൻ അല്ലേ; അതുകേട്ട് ഒരുപാട് നേരം ചിരിച്ചു; വിഷ്ണു ഉണ്ണികൃഷ്ണൻ

മലയാള സിനിമയിൽ ഇന്ന് പ്രതീക്ഷയുടെ മുഖമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചാണ്. ഹാസ്യതാരമായും സഹനടനായും നടനായും നിരവധി ഭാവത്തിലും രൂപത്തിലും മലയാളികൾക്ക് മുൻപിൽ എത്തി എന്നതുകൊണ്ടുമാത്രമല്ല ഇദ്ദേഹം വ്യത്യസ്തനാകുന്നത്.മറിച്ച് കളിയും കാര്യവും ഒരുപോലെ ചാലിച്ച കാമ്പുള്ള ഒരു പിടി കഥകൾക്കൂടി മലയാളികൾക്ക് നൽകാൻ കഴിഞ്ഞു എന്നിടത്താണ് വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന നടന്റെ തിരക്കഥാകൃത്തിന്റെയും വിജയം.

അമർ അക്ബർ അന്തോണി

അമർ അക്ബർ അന്തോണിയിലൂടെയാണ് ഞങ്ങളെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്.അതിനു മുൻപും കുറച്ച് സിനിമകളിൽ ഒക്കെ അഭിനയിക്കുകയും ടെലിവിഷൻ പരിപാടികൾക്ക് വേണ്ടി സ്‌കിറ്റുകൾ എഴുതുകയുമൊക്കെ ചെയ്തിരുന്നെങ്കിലും എല്ലാവരും ഞങ്ങളുടെ മുഖം കണ്ടു തുടങ്ങിയത് ആ ചിത്രത്തിന് ശേഷമാണ്. അതിന് കാരണക്കാരൻ നാദിർഷാക്കാ മാത്രമാണ്. ഞങ്ങളുടെ ഒരു വലിയ സ്വപ്‌നത്തെയാണ് അദ്ദേഹം ആ സിനിമ സംവിധാനം ചെയ്തതിലൂടെ യാഥാർത്ഥ്യമാക്കിതന്നത്. അതുമാത്രമല്ല ഞങ്ങളെ വലിയൊരു അബദ്ധത്തിൽ നിന്നും രക്ഷിക്കുകയും ചെയ്തു. എല്ലാവർക്കും അറിയാരിക്കും എന്നാലും ഒന്നുകൂടി പറയാം. എനിക്കും ബിബിനും പിന്നെ ഞങ്ങളുടെ മറ്റൊരു സുഹൃത്തിനും കൂടി അഭിനയിക്കാനാണ് സത്യത്തിൽ ഞങ്ങൾ ആ കഥ എഴുതിയത്. പക്ഷെ ഇക്കാടെ കയ്യിൽ സ്‌ക്രിപ്റ്റ് കിട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു ഇത് നിങ്ങള് ചെയ്താ ശരിയാകില്ല. പ്രേക്ഷകർ സ്വീകരിക്കണമെങ്കിൽ മറ്റേതെങ്കിലും ജനപ്രിയ താരങ്ങൾ വേണമെന്ന്. അങ്ങനെയാണ് ആ സിനിമയിലെ കഥാപാത്രങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയുമെത്തുന്നത്. ഇക്കയുടെ തീരുമാനം വളരെ കറക്ടാരുന്നൂന്ന് സിനിമ ഇറങ്ങികഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. അതിനുശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ, യമണ്ടൻ പ്രേമകഥയും. തിരക്കഥ സിനിമകളാണ് കേട്ടോ ഇവ മൂന്നും. ഇതിനിടയിൽ എനിക്കും ബിബിനും മറ്റ് സിനിമകളിൽ അഭിനയിക്കാനും അവസരം കിട്ടി.

അപ്പൂന്റെ വീട്ടിൽ കയറിക്കൂടിയത്

ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അന്നൊന്നും അങ്ങനെ ചാൻസ് ചോദിച്ച് കൊണ്ടുപോകാനൊന്നും ആരും കൂട്ടിനുണ്ടായിരുന്നില്ല. വളരെ ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന് ഒരു കടയിൽസാധനം എടുത്തുകൊടുക്കലായിരുന്നു ജോലി. പക്ഷെ അന്നും അച്ഛനും അമ്മയും ചേച്ചിമാരുമൊക്കെ എന്റെ കലാപ്രവർത്തനങ്ങൾക്ക് എതിരൊന്നും പറഞ്ഞിട്ടില്ല. സ്‌കൂളിലും അടുത്തുള്ള അമ്പലപറമ്പുകളിലുമൊക്കെ മിമിക്രി അവതരിപ്പിക്കാൻ പോകുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് എനിക്ക് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം കിട്ടി. പത്രത്തിലൊക്കെ ഫോട്ടോയൊക്കെ വന്നു. ഞങ്ങളുടെ വീടിന്റെ അടുത്തായിരുന്നു അന്ന് മനുരാജ് ചേട്ടൻ(സീരീയിൽ നടൻ) താമസിച്ചിരുന്നത്. എന്റെ പടം പത്രത്തിൽ വന്നുകണ്ടപ്പോൾ ഒരു ദിവസം ചേട്ടൻ എന്നെയും കൂട്ടി ചേട്ടന്റെ സുഹൃത്ത് ക്യാമറാമാൻ നിഷാദ്ഖാന്റെ എടുത്തുപോയി. അപ്പോ സിബി മലയിൽ സാറിന്റെ എന്റെ വീട് അപ്പൂന്റെ സിനിമേടെ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു. എന്റെ ഭാഗ്യത്തിന് ആ സമയത്ത് അവർക്ക് ജുവനൈൽ ഹോമിലേ ഭാഗം ഷൂട്ട് ചെയ്യാൻ കുറെ കുട്ടികളെ വേണമായിരുന്നു. അങ്ങനെ അതിലൊരാളായി ഞാനും കയറിക്കൂടി. കുഞ്ചു എന്നായിരുന്നു ആ സിനിമയിൽ എന്റെ പേര്്. അങ്ങനെയാണ് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആ ചിത്രത്തിൽ അഭിനയിക്കുന്നത്.

ബിബിൻ ജോർജ്ജ് എന്ന സുഹൃത്ത്

ജീവിതത്തിൽ എന്നെ തേടിയെത്തിയ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് ബിബിൻ. സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ ബിബിനെ ആദ്യമായി കാണുന്നത്. ഒരു കൂട്ടുകാരന്റെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ മിമിക്രി അവതരിപ്പിക്കാൻ അവസരം കിട്ടി. അവിടെ ചെന്നപ്പോൾ ആ പരിപാടിയ്ക്ക് ബിബിനും ഉണ്ടായിരുന്നു. കൂട്ടുകാരൻ എനിക്ക് അവിടെ വെച്ച് ബിബിനെ പരിചയപ്പെടുത്തി തന്നു. പിന്നീട് ഞങ്ങൾ ഒരുമിച്ച് കൂറെ പരിപാടികൾ ഒക്കെ അവതരിപ്പിച്ചു. അതിനുശേഷം രണ്ടു വിഷയങ്ങളാണെങ്കിലും ഞാനും ബിബിനും മഹാരാജാസ് കോളജിൽ പഠിച്ചത് ഒരേ കാലഘട്ടത്തിലായിരുന്നു. അവൻ ഹിന്ദിയും ഞാൻ ബികോമും. പരിചയം പതിയെ സൗഹൃദത്തിലെക്ക് വഴിമാറി. പിന്നീട് ഉറ്റ ചങ്ങാതിമാരുമായി. ഞങ്ങളെ ഒന്നിപ്പിച്ച പ്രധാനഘടകം ഞങ്ങളുടെ രണ്ടു പേരുടെ സ്വപ്‌നം ഒന്നായിരുന്നു. സിനിമ. സ്റ്റേജ് ഷോകൾക്കും മറ്റും ഒരുപാട് സ്‌കിറ്റുകൾ ഞങ്ങൾ ഒരുമിച്ച് എഴുതിയിട്ടുണ്ട്. അതിനുശേഷമായിരുന്നു തിരക്കഥ എഴുതിയത്.
ഇപ്പോൾ പലരും ചോദിക്കാറുണ്ട് എന്നാണ് നിങ്ങൾ രണ്ടും പേരും തനിച്ച് തിരക്കഥ എഴുതുന്നതെന്ന്. സത്യത്തിൽ അവരുടെ ചോദ്യം ഞങ്ങൾ എന്നാ തെറ്റി പിരിയുന്നതെന്നാ. എനിക്കും ബിബിനും എപ്പോൾ വേണമെങ്കിൽ ഒറ്റയ്ക്ക് എഴുതാൻ കഴിയും. പക്ഷെ ഞങ്ങൾ വിശ്വസിക്കുന്നത്. ആ ഏഴുത്തുകൾക്കൊന്നും വിഷ്ണുവും ബിബിനും ചേരുമ്പോൾ ഉള്ള രസം കിട്ടില്ല എന്നാണ്. ദൈവസഹായത്താൽ ഇങ്ങനെതന്നെ മുൻപോട്ട് പോകണമെന്നാണ് ഞങ്ങൾ രണ്ടു പേരുടെയും ആഗ്രഹം.

ചേച്ചിമാരുടെ കണ്ണൻ

ഞങ്ങൾ മൂന്ന് മക്കളാണ്. അച്ഛൻ ഉണ്ണികൃഷ്ണൻ അമ്മ ലീല. രണ്ട് ചേച്ചിമാരുണ്ട്. മൂത്ത ചേച്ചി ലക്ഷ്മി, രണ്ടാമത്തെ ചേച്ചി അമ്പിളി. ചെറുപ്പം മുതലെ വീട്ടിൽ എല്ലാവരും എന്റെ ആഗ്രഹങ്ങൾക്കൊക്കെ നല്ല സപ്പോട്ടായിരുന്നെങ്കിലും എല്ലാവർക്കും ഉള്ളിൽ ചെറിയൊരു പേടിയുണ്ടായിരുന്നു സിനിമായ്ക്ക് പുറകേ നടന്ന് ഞാൻ ജീവിതം കളയുമോന്ന്. അതുകൊണ്ട് തന്നെ ചേച്ചിമാരായാലും അമ്മയും അച്ഛനും ആയാലും പറയുവാരുന്നു ഒരു പിഎസ്.സി എഴുതി ജോലിയൊക്കെ ആയിട്ട് പോരെ സിനിമാക്കാരൻ ആകാൻ പോകുന്നതെന്ന്. പക്ഷെ എന്റെ മനസ്സ് നിറയെ സിനിമയായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ സ്റ്റേജ് ഷോയും സ്‌കിറ്റ് എഴുത്തും ഒക്കെയായി മുൻപോട്ട് പോയി. ഒടുവിൽ അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഋത്വിക് റോഷനും ഇറങ്ങി കഴിഞ്ഞപ്പോഴാണ് എല്ലാവർക്കും ഒരു സമാധാനമായത്. ഇപ്പോൾ എല്ലാവരും സന്തോഷായി ഇരിക്കുന്നു. ഞങ്ങൾ പുതിയൊരു വീടൊക്കെ വെച്ചു. എല്ലാം നന്നായി പോകുന്നു.

സൂപ്പർ സ്റ്റാർ വിഷ്ണു ഉണ്ണികൃഷ്ണൻ

പണ്ട് കൂട്ടുകാരൊക്കെ ഫോൺ വിളിക്കുമ്പോ ഞാൻ സംസാരിച്ചു തുടങ്ങുന്നത് ഹലോ സൂപ്പർ സ്റ്റാർ വിഷ്ണു ഉണ്ണികൃഷ്ണൻ എന്നു പറഞ്ഞായിരുന്നു. തമാശയ്ക്ക് പറയുന്നതാണ്. പക്ഷെ ഞാൻ നായകനായ ആദ്യ സിനിമ കട്ടപ്പനയിലെ ഋത്വിക് റോഷൻ റിലീസ് ആയ ദിവസം സിനിമ കണ്ട് എന്നെ വിളിച്ച ഒരു കൂട്ടുകാരൻ എന്നെ വിളിച്ചിട്ട് ആദ്യം ചോദിച്ചത് ഹലോ സൂപ്പർ സ്റ്റാർ വിഷ്ണു ഉണ്ണികൃഷൻ അല്ലേ. അതുകേട്ടപ്പോൾ കണ്ണു നിറഞ്ഞെങ്കിലും ഞങ്ങള് രണ്ടു പേരും കുറെ നേരം ചിരിച്ചു. സൂപ്പർ സ്റ്റാർ ആയി എന്നല്ല കേട്ടോ പറയുന്നത്. നടക്കാൻ ഒരു സാധ്യതയുമില്ലാതിരുന്ന ഒരു വലിയ സ്വപ്‌നം യാഥാർത്ഥ്യമായതിന്റെ സന്തോഷം മാത്രം. ജീവിതം എന്നെ പഠിപ്പിച്ച ഒരു വലിയ സത്യം നമ്മുടെ ആഗ്രഹങ്ങൾ സത്യന്ധമാണെങ്കിൽ അവയ്ക്ക് അദ്ധ്വാനിക്കാനും കാത്തിരിക്കാനുമുള്ള മനസ്സുണ്ടെങ്കിൽ അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. ഇതുവരെ എന്റെ കഥാപാത്രങ്ങളെ സ്വീകരിച്ച പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി. ഇതുപോലൊക്കെ തന്നെ മുൻപോട്ട് പോകണമെന്നാണ് ആഗ്രഹം.

Spread the love

web desk

Leave a Reply

Your email address will not be published. Required fields are marked *