ജോർജ് ജോസഫെന്ന ഷെർലക് ഹോംസ്
പോലീസ് സർവീസിൽ നിന്നും വിരമിച്ച ശേഷവും തന്റെ വ്യത്യസ്ത ശൈലിയിലൂടെ മലയാളികളുടെ ആരാധന പിടിച്ചുപറ്റുകയാണ് റിട്ടയഡ് എസ് പി ജോർജ് ജോസഫ്. തന്റെ ആദർശങ്ങളെ ധൈര്യപൂർവം മുറുകെപ്പിടിക്കുന്ന ആ വ്യക്തിത്വത്തിന്റെ ഉടമ, താൻ വളർന്നു വന്ന വഴികൾ, ജീവിത സാഹചര്യങ്ങൾ പങ്കുവയ്ക്കുന്നു.
മാതാപിതാക്കളുടെ ചിട്ടയായുള്ള പരിശീലനം അതൊന്ന് മാത്രമാണ് ജീവിതത്തിൽ ഇത്രയും ദൂരം എന്നെ നയിച്ചത്. ഒപ്പം എത്ര ഉന്നതങ്ങളിലെത്തിയാലും ജീവിതം ചെറുതാകണമെന്ന വലിയ സത്യവും അവരെനിക്ക് കാണിച്ചുതന്നു. ക്യഷിക്കാരായിരുന്ന അമ്മയും അപ്പനും അവരുടെ ജീവിതത്തിലൂടെ പകർത്തിയ മാത്യകകൾ പിന്തള്ളി ജീവിക്കാൻ ഇപ്പോഴും ശ്രമിച്ചിട്ടില്ല. ദൈവവിശ്വാസിയാണെങ്കിലും അല്ലെങ്കിലും ഭാരതീയ പൈത്യകമനുസരിച്ച് ആത്മീയതയ്ക്ക് ജീവിതത്തിൽ സ്ഥാനം നല്കണമെന്നുള്ളതും നിർബന്ധമായിരുന്നു. അദ്ദേഹം തുടർന്നു..
അറിവാണ് നമുക്ക് ബഹുമാനം നേടിത്തരുന്നത് നല്ല രീതിയിലുള്ള പെരുമാറ്റം എന്ത് പറയണം പറയരുത് എന്ന ബോധം, ഇവ പ്രധാന ഘടകങ്ങളാണ്. ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യമാണ്. രണ്ടാമത് അറിവ്, മൂന്നാമതേ പണസമ്പാദനം ആകാവൂ.
ഗാന്ധീയൻ ആദർശങ്ങൾ
പാലാ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രീ ഡിഗ്രി ഡിഗ്രി പഠനം. ആ കാലയളവുകളിൽ ഹോസ്റ്റൽ ജീവിതമായിരുന്നു. മാസത്തിലൊരിക്കലെങ്കിലും അപ്പൻ ഹോസ്റ്റലിൽ വന്ന് എന്റെ കാര്യങ്ങളെല്ലാം തിരക്കിയിരുന്നു. ചെലവുകളെല്ലാം ക്യത്യമായും എഴുതി അയച്ചുകൊടുത്തിരുന്നില്ലായിരുന്നെങ്കിൽ പിറ്റേ മാസത്തേക്കുള്ള പണം അപ്പൻ തരില്ലായിരുന്നു.
ഗാന്ധീയൻ മാർഗങ്ങൾ അനുസരിച്ച് ജീവിക്കുക എന്നത് ഏറെ സ്വാഗതാർഹമായിരുന്ന നാളുകളായിരുന്നു അന്നുണ്ടായിരുന്നത്. ധാരാളിത്തമില്ലാതെ നിത്യജീവിതം മുന്നോട്ട് നയിക്കണമെന്ന ബോധ്യം മനസിലാക്കുന്നതിനായ് കൂടെക്കൂടെ ഗാന്ധീയൻ പുസ്തകങ്ങൾ വായിക്കുമായിരുന്നു. പത്രവായന ശീലമാക്കുന്നതും ആ സമയങ്ങളിലായിരുന്നു. ഞായറാഴ്ചയായാൽ തിരക്കോട് തിരക്കാണ്. കുറഞ്ഞത് 5 പത്രങ്ങളെങ്കിലും വായിച്ചിരിക്കും. കൂടാതെ, അപ്പനും സഹോദരങ്ങളും തമ്മിലും, കൂട്ടുകാർക്കിയിലും ആനുകാലിക ചർച്ചകൾ നടത്തിയിരുന്നു. അതൊക്കെയാകാം ഒരു പരിധി വരെ എല്ലാം ഓർമയിൽ സൂക്ഷിക്കാൻ സാധിക്കുന്നത്.
ക്യഷിക്കാരനാകുന്നതിൽ സന്തോഷം
ചെറുപ്പം മുതലേ ക്യഷിയിൽ കമ്പമുണ്ടായിരുന്നു. ഹോസ്റ്റലിൽ നിന്ന് വന്നാൽ കളിക്കാൻ പോകാതെ, പറമ്പിൽ അപ്പന്റെ കൂടെ പണിക്ക് പോകുകയായിരുന്നു പ്രധാനം. ഉച്ചയ്ക്ക് പറമ്പിലിരുന്ന് തന്നെ വാഴയിലയിൽ അമ്മ കൊടുത്തുവിട്ട ചോറുണ്ണും. പ്രക്യതിയോടിണങ്ങിയുള്ള ജീവിതത്തെ അന്നുതൊട്ട് ഇഷ്ടപ്പെട്ട് തുടങ്ങിയതാണ്. എല്ലാവരെയും പറ്റിച്ച് പണമുണ്ടാക്കുന്നതിലല്ല കാര്യം, വിയർപ്പൊഴുക്കി അധ്വാനിച്ച് സമ്പാദിക്കുകയും ലളിതമായ് ജീവിക്കുകയും വേണം. ഇൗ തിരക്കിനിടയിലും കൃഷിക്കായ് സമയം മാറ്റി വയ്ക്കാൻ എനിക്ക് സന്തോഷമേയുള്ളു.
നിയമപാലകനിലേയ്ക്കുള്ള ദൂരം
ഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ എൽ എൽ ബി ചെയ്തു. ആ വർഷത്തെ നീന്തൽ മൽസരങ്ങളിലെ യൂണിവേഴ്സിറ്റി റെക്കോർഡും സംസ്ഥാന തലത്തിലുമുൾപ്പെടെ നാലു റെക്കോർഡുകൾ എന്റെ പേരിലായിരുന്നു. പഠനത്തിനു ശേഷം സിവിൽ സർവീസ് അവസരം നോക്കിയെങ്കിലും ക്യത്യമായൊരു ഗൈഡൻസിലൂടെ നേടിയെടുക്കാനുള്ള സാഹചര്യമൊന്നുമൂണ്ടായിരുന്നില്ല. പിന്നീട് മെഡിസിന് സ്പോർട്സ് കോട്ടായിൽ സീറ്റ് കിട്ടുമായിരുന്നെങ്കിലും സ്വാധീനിക്കാൻ ആരുമില്ലാതിരുന്നതിനാൽ എനിക്ക് അവസരം നഷ്ടമായി. നാലു സംസ്ഥാന റെക്കോർഡുകൾ ഉണ്ടായിരുന്നിട്ടും എന്നെ തഴഞ്ഞുകൊണ്ട് ഒരു റെക്കോർഡ് ഉള്ള വ്യകതിയ്ക്ക ആ സീറ്റ് നല്കി പ്രവേശനം അനുവദിച്ചു.
നീതിയ്ക്കും സത്യത്തിനും വേണ്ടി അന്നു തുടങ്ങിയ പോരാട്ടമാണ്. അങ്ങനെയിരിക്കുമ്പോഴാണ് പോലീസിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് വന്നത്. ടെസ്റ്റെഴുതി പാസായി 23-ാം വയസിൽ സബ്- ഇൻസ്പെക്ടർ ആയി നിയമനം ലഭിച്ചു.
ആദ്യനാളുകൾ
എസ് ഐ ആയിരിക്കുന്ന കാലഘട്ടങ്ങളിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലതരത്തിലുളളവർ പരാതി പറയാൻ വരുമായിരുന്നു. ചിലരെയെങ്കിലും പോലീസുകാർ കടത്തിവിടാത്ത സാഹചര്യമുണ്ടായപ്പോൾ, പരിഹാരമായ് 10 മണിക്ക് ശേഷം പോലീസ് സ്റ്റേഷൻ പുറത്ത് കസേരയിട്ട് ഞാനിരിപ്പുറപ്പിച്ചു. പരാതി ബോധിപ്പിക്കാൻ വരുന്ന എല്ലാവരെയും ഒരുപോലെ മനസിലാക്കാൻ അതുകൊണ്ടനിക്ക് സാധിച്ചു. സ്റ്റേഷനിലേക്ക് വരുന്ന ഫോൺകോളുകൾ പരാമാവധി ഞാൻ തന്നെ എടുക്കാൻ ശ്രമിക്കുമായിരുന്നു. പരാതി ബോധിപ്പിക്കാൻ വിളിക്കുന്നവർ നിരാശരാകരുത് എന്ന നിർബന്ധമാുണ്ടായിരുന്നു. തിരുവനന്തപുരം പട്ടണത്തിൽത്തന്നെ ഏകദേശം 16 പോലീസ് സ്റ്റേഷനുകളിൽ ഞാൻ സേവനം ചെയ്തിട്ടുണ്ട്. ആർക്കും എന്നെ വന്ന് കണ്ട് പരാതി ബോധിപ്പിക്കാം. തീരുമാനങ്ങൾ പരമാവധി വേഗത്തിലെടുക്കാനും ശ്രദ്ധിച്ചിരുന്നു.അതുകൊണ്ടൊക്കെത്തന്നെ കൂടെക്കൂടെ കാസർഗോഡേക്കും മറ്റ് ദൂരസ്ഥലങ്ങളിലേയ്ക്കും സ്ഥലം മാറ്റവും ലഭിക്കുമായിരുന്നു. എത്രയൊക്കെ ഭീഷണികൾ ഉണ്ടെങ്കിലും തീരുമാനങ്ങളിൽ നിന്ന് പുറകോട്ടു പോകാൻ ഒന്നും തന്നെ എന്നെ പ്രേരിപ്പിച്ചിട്ടില്ല.
ആ തെറ്റ് ഞാൻ തിരുത്തി..
ഒരിക്കൽ വേലിപൊളിച്ച് മാറ്റിക്കെട്ടേണ്ട ഒരു പരാതി എന്റെ മുൻപിൽ വന്നു. കൂടെയുള്ള പോലീസുകാർ പറഞ്ഞ വിവരമനുസരിച്ച് അറുപത് സെന്റ് സ്ഥലമുള്ള കക്ഷിക്ക് അനുകൂലമായ് വിധി പ്രസ്താപിച്ചു. മാസങ്ങൾക്ക് ശേഷം എന്നെ ഒരു ഗാന്ധീയൻ കാണാൻ വന്നു. എന്നോട് പറഞ്ഞു ‘സാറിനൊരു തെറ്റ് പറ്റി! അതൊന്ന് ബോധിപ്പിക്കാൻ വന്നതാണ്. തീരുമാനം മാറ്റണോ വേണ്ടേയോ എന്നുള്ളത് സാറിന് തീരുമാനിക്കാം’. അല്പം ജിജ്ഞാസയോടെ തന്നെ ഞാൻ ആ മനുഷ്യന്റെ കൂടെ പോയി സ്ഥലം കണ്ടു. വേലി പൊളിച്ചു കെട്ടാൻ ഉത്തരവിട്ടപ്പോൾ 4 സെൻ് സ്ഥലം മാത്രമുണ്ടായിരുന്ന ഒരു മനുഷ്യന്റെ മണ്ണിലൂടെയാണ് ആ വേലി കെട്ടിപ്പൊക്കിയത്. അരസെന്റെ് ആ മനുഷ്യന് നഷ്ടമാകുകയും ചെയ്തു. തെറ്റ് മനസിലാക്കിയ ഞാൻ അപ്പോൾ തന്നെ വേലി പൊളിച്ച് കെട്ടാൻ ഓർഡർ ഇടുകയും മാറ്റിക്കെട്ടിക്കുകയും ചെയ്തു.
പഴുതുകൾ ആടച്ചുള്ള നീതിനിർവഹണം
നീതി നടപ്പാക്കണം, അധികാരം കൈയിൽ കിട്ടിയാൽ അത് ചെയ്യണം. റോഡിൽക്കൂടെപ്പോകുമ്പോൾ പ്രായം ചെന്നവരും പാവപ്പെട്ടവരും കൈ കാണിക്കും ഓരോ പരാതികൾ ബോധിപ്പിക്കാൻ. അവിടെയൊക്കെ നിർത്തി അവരുടെ പരാതി കേൾക്കാനും പരിഹാരം കണ്ടുപിടിക്കാനും ശ്രമിച്ചിരുന്നു. പരാതികൾ നല്കി കാലതാമസം വരുന്നതുമൂലം ദുരിതമനുഭവിക്കുന്ന എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. നീതി നടപ്പാക്കുക എന്നത് കേസെടുത്ത് അറസ്റ്റ് ചെയ്യുക എന്നതല്ല പരാമവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ്. അത് ചെയ്യാതെ ഒരിക്കലും പരിഹാരം ഉണ്ടാകില്ല. മാത്യകാപരമായ നടപടികൾ വന്നെങ്കിൽ മാത്രമേ ആളുകൾ തെറ്റ് ചെയ്യുന്നതിൽ നിന്ന് പിൻതിരിയുകയുള്ളു. കോടതിയും പോലീസും ഒരുപോലെ മനസ് വെച്ചങ്കിലേ മാറ്റങ്ങൾ വരൂ. ഒരു കേസെങ്കിലും കർക്കശമായ് അന്വേഷിച്ച് ശിക്ഷ നടപ്പിലാക്കിയാലേ മനുഷ്യർക്ക് പേടിയുണ്ടാകൂ. മാറി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവർ സമൂഹത്തിലുണ്ട.് അവരെ പ്രവർത്തിക്കാൻ അനുവദിക്കണെമെന്നുള്ളതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത.

