മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു
തിരുവനന്തപുരം: സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു. വിജയദശമി ദിവസം ഗണവേഷം ധരിച്ച് ആർഎസ്എസ് പഥ സഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടായിരിക്കും അദ്ദേഹം മുഴുവൻ സമയ പ്രവർത്തകനാകുക.
സർവീസിൽ നിന്ന് വിരമിച്ച ശേഷം 2021-ൽ ബിജെപിയിൽ ചേർന്ന ജേക്കബ് തോമസ്, സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവൻ സമയ പ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഹൃദയപൂർവം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. 1997 മുതലാണ് താൻ ആർഎസ്എസിൽ ആകൃഷ്ടനായതെന്നും ഇനി ആ ആശയങ്ങൾക്കൊപ്പം പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് താൻ ആർഎസ്എസിൽ ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

