ശബരിമലയിലെ പീഠം കാണാതായതിൽ ഗൂഢാലോചന: ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ നിന്നും കാണാതായ ദ്വാരപാലക ശിൽപത്തിന്റെ ഭാഗമായ പീഠം പരാതി നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ കണ്ടെത്തിയ സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി ദേവസ്വം മന്ത്രി വി എൻ വാസവൻ. ഒളിപ്പിച്ച് വച്ച ശേഷം കാണാനില്ലെന്ന പറയുകയും നാടകം കളിക്കുകയും ചെയ്ത സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. നാലര വർഷം ഒളിപ്പിച്ച് വച്ച് കണ്ടില്ലെന്ന് പറയുന്ന നിലയാണുള്ളതെന്നും മന്ത്രി അറിയിച്ചു.
വിഷയം കോടതിയുടെ മുന്നിലാണ്. പീഠം കണ്ടെത്തിയ വിവരം ഉൾപ്പെടെ ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കോടതി നിർദേശിക്കുന്ന വിധത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടാകരുത് എന്നാണ് സർക്കാർ നിലപാട്. പീഠം മഹസറിൽ രേഖപ്പെടുത്താത് ഉൾപ്പെടെ പരിശോധിക്കും. ഇപ്പോഴുണ്ടായ വിഷയത്തിൽ വിജിലൻസ് എസ് പി റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും എന്നും മന്ത്രി അറിയിച്ചു.
അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വർണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

