യൂട‍്യൂബർക്കെതിരേ സിറ്റി പൊലീസ് കമ്മിഷ്ണർക്ക് പരാതി നൽകി പി.പി. ദിവ‍്യ
കണ്ണൂർ: സമൂഹമാധ‍്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് യൂട‍്യൂബർക്കെതിരേ സിറ്റി പൊലീസ് കമ്മിഷ്ണർക്ക് പരാതി നൽകി കണ്ണൂർ മൂൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ‍്യ. യൂട‍്യൂബർ ബിനോയ് കുഞ്ഞുമോനും, ന‍്യൂസ് കഫേ ലൈവ് എന്ന യൂട‍്യൂബ് ചാനലിനുമെതിരേയാണ് ദിവ‍്യ പരാതി നൽകിയിരിക്കുന്നത്. മക്കളെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമിൽ കമൻറിട്ട തൃശൂർ സ്വദേശിക്കെതിരേയും ദിവ‍്യ പരാതി നൽകിയിട്ടുണ്ട്.
എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിന് ശേഷം സമൂഹമാധ‍്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനം ദിവ‍്യക്കെതിരേ ഉയർന്നിരുന്നു. ഇതിനെതിരേ ദിവ‍്യയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയതിൻറെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരേ കേസെടുത്തിരുന്നു. നവീൻ ബാബുവിൻറെ മരണം ആത്മഹത‍്യയല്ല കൊലപാതകമാണെന്നാണ് കുടുംബത്തിൻറെ ആരോപണം. സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിൻറെ അഭിപ്രായം തേടിയിട്ടുണ്ട്. ഹൈക്കോടതി ഡിസംബർ 6ന് വാദം കേൾക്കും.

