ഡൽഹിയിൽ കാർ ബോംബ് സ്ഫോടനം ; മരണം 13, മരണസംഖ്യ ഉയരാൻ സാധ്യത
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ കാർ ബോംബ് സ്ഫോടനം രാജ്യത്തെ ഞെട്ടിച്ചു. ഇതൊരു ചാവേർ ഭീകരാക്രമണമാണെന്ന് അധികൃതർ സംശയിക്കുന്നു. കാറിനുള്ളിലുണ്ടായിരുന്നവർ ഉൾപ്പെടെ പതിമൂന്ന് പേർ ദുരന്തത്തിൽ മരിച്ചു.
ഇന്നലെ വൈകുന്നേരം 6:52 ന്, ചെങ്കോട്ടയ്ക്ക് സമീപമുള്ള ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം ഒരു വെളുത്ത ഹ്യുണ്ടായ് ഐ 20 കാർ വൻ സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു. 25 ലധികം പേർക്ക് പരിക്കേറ്റു, അവരിൽ 15 ഓളം പേരുടെ നില അതീവ ഗുരുതരമാണ്. അവർ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
എട്ട് പേർ ഇതുവരെ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാറിനുള്ളിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറിയതിനാൽ, വാഹനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. കാറിന് മുന്നിലും പിന്നിലും ഉണ്ടായിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു, യാത്രക്കാരും സമീപത്ത് നിന്നവരും മരിച്ചു. മരിച്ചവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള അശോക് കുമാറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ സാവധാനം നീങ്ങിയ ഒരു കാർ നിർത്തി പെട്ടെന്ന് പൊട്ടിത്തെറിച്ചു. അതൊരു ഐഇഡി സ്ഫോടനമായിരുന്നു. ഹരിയാനയിൽ HR 26 CE 7674 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത കാർ ഗുരുഗ്രാമിൽ നിന്നുള്ള മുഹമ്മദ് സൽമാന്റെ ഉടമസ്ഥതയിലുള്ളതാണ്. അദ്ദേഹത്തെയും മറ്റ് ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുൽവാമയിൽ നിന്നുള്ള താരിഖ് എന്ന വ്യക്തിക്ക് കാർ വിറ്റതായി സൽമാൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഒരു വെടിയുണ്ടയും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
എട്ട് കാറുകൾ, നാല് ഓട്ടോറിക്ഷകൾ, നിരവധി ഇരുചക്ര വാഹനങ്ങൾ എന്നിവ തീഗോളങ്ങളായി മാറി. വൈകുന്നേരം 7.29 ഓടെ 20 ലധികം അഗ്നിശമന സേനാ യൂണിറ്റുകൾ തീ നിയന്ത്രണവിധേയമാക്കി. ഹരിയാനയിലെ ഫരീദാബാദിൽ 360 കിലോഗ്രാം അമോണിയം നൈട്രേറ്റും അത്യാധുനിക ആയുധങ്ങളും പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായത് എന്നതിനാൽ ആശങ്കയുണ്ടാക്കി. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ഞെട്ടൽ രേഖപ്പെടുത്തി. രാജ്യമെമ്പാടും ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളവും ശക്തമായ അലർട്ട് പ്രഖ്യാപിച്ചു. പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്നലെ രാത്രി പരിശോധനകൾ നടത്തി.

