ബാലുവും ബിജുവും തമ്മിൽ

ബാലുവും ബിജുവും തമ്മിൽ

തനിമായാർന്ന അഭിനയ മികവിലൂടെ ഓരോ മലയാള പ്രക്ഷേകന്റെയും പൊട്ടിച്ചിരിയുടെ ആദ്യാവസാനമായ അഭിനേതാവ് ബിജു സോപാനത്തിന്റെ വിശേഷങ്ങൾ


ബാലുവും ബിജുവും തമ്മിൽ നല്ല ചങ്ങാത്തത്തിലാണ്. കാരണം ബാലുവിൽ അൽപ്പം ബിജുവും ബിജുവിൽ അൽപ്പം ബാലുവും ഉണ്ടെന്നതാണ് സത്യം. ഉപ്പും മുളകിലെ ബാലു എന്ന കഥാപാത്രത്തെ അഭിനയിക്കാൻ തുടങ്ങിയതോടെ ബിജു സോപാനം എന്ന എന്റെ പേര് ഞാൻപോലും മറന്നു എന്നതാണ് സത്യം. പുറത്തിറങ്ങിയാൽ എല്ലാവരും വിളിക്കുന്നത് ബാലുവെന്ന. കൂട്ടത്തിൽ ഒരു ചോദ്യവും നീലുവിനും മക്കൾക്കും സുഖമല്ലേ?

എന്റെ ലക്ഷ്മിയും ഗൗരിയും
എന്റെ ഭാര്യയുടെ പേര് ലക്ഷ്മിയെന്നാണ്. അവള് വീട്ടമ്മയാണ്. ഞങ്ങൾക്ക് ഒരു മോളുണ്ട് ഗൗരി. അവളും ഉപ്പും മുളകിന്റെ ചില എപ്പിസോഡിലൊക്കെ അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ എന്റെ അനിയൽ സുരേന്ദ്രന്റെ മകളായിട്ടാണ് ഗൗരി അഭിനയിച്ചിട്ടുള്ളത്. പിന്നെ അതികം ആർക്കും അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. സീരിയലിലെ എന്റെ അനിയൻ സുരേന്ദ്രൻ എന്റെ സ്വന്തം അനിയൻ തന്നെയാണ്.നാടകവും ഷൂട്ടിംഗും ഒക്കെയായി ഞാൻ മിക്കപ്പോഴും യാത്രയിലായിരിക്കും. വീട്ടിലെ മുഴുവൻ കാര്യങ്ങളും നോക്കുന്നത് ലക്ഷ്മിയാണ്. മോൾടെ സ്‌കൂളിലെ കാര്യമായാലും വീട്ടിലെ മറ്റ് കാര്യങ്ങൾ എന്തു തന്നെയായാലും എല്ലാത്തിനും ഓടി നടക്കുന്നത് ലക്ഷ്മിയാണ്. കുടുംബനാഥൻ എന്നൊരു പേരെ എനിക്കൊള്ളു. ലക്ഷിമിയാണ് ഞങ്ങളുടെ കുടുംബത്തിന്റെ നാഥ.

കാവാലം സാറിന്റെ മുൻപിൽ
ചെറുപ്പം മുതലേ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷെ അതിനുള്ള കഴിവോ സാഹചര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പ്രീഡിഗ്രി പഠനത്തിന് ശേഷമാണ് അഭിനയമോഹം വല്ലാതെ വേട്ടയാടി തുടങ്ങിയത്. അക്കാലത്ത് ഞങ്ങളുടെ വീടിനടുത്ത് വീണ പഠിപ്പിക്കുന്ന ഒരു അരുണൻ ചേട്ടൻ ഉണ്ടായിരുന്നു. അദ്ദേഹമായിരുന്നു നെടുമുടി വേണു ചേട്ടന്റെ ഭാര്യയെ വീണ വായിക്കാൻ പഠിപ്പിച്ചിരുന്നത്. മാത്രമല്ല കാവാലം നാരായണ പണിക്കർ സാറിന്റെ നാടകങ്ങളിലെല്ലാം അദ്ദേഹം വീണ വായിക്കാറുണ്ടായിരുന്നു. സിനിമാക്കാരുമായൊക്കെ അദ്ദേഹത്തിന് നല്ല ബന്ധമുണ്ടെന്ന് എനിക്കറിയാമരുന്നു. പിന്നീട് ഞാൻ നിരന്തരം അദ്ദേഹത്തെ ശല്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ സഹികെട്ട് അദ്ദേഹം എന്റെ കാര്യം നെടുമുടി വേണു ചേട്ടനോട് പറഞ്ഞു. വേണു ചേട്ടനും കാവാലം സാറിന്റെ ശിഷ്യനാണ്. വേണു ചേട്ടൻ പറഞ്ഞു എന്നെ കാവാലം സാറിന്റെ അടുത്ത് കൊണ്ടു ചെന്നാക്ക്. അവിടെ നിന്ന് അവൻ കുറച്ച് കാര്യങ്ങളൊക്കെ പഠിക്കട്ടെ. അതിനുശേഷം താനെ സിനിമയിലൊക്കെ വന്നോളുമെന്ന്. അങ്ങനെയാണ് അഭിനയമോഹവുമായി ഞാൻ കാവാലം നാരയണപണിക്കർ സാറിന്റെ മടയിലെത്തുന്നത്.

ബിജു സോപാനമായത്
കാവാലം സാറിന്റെ നാടക സംഘത്തിന്റെ പേരാണ് സോപാനം. 1995 ലാണ് ഞാൻ അവിടെ എത്തുന്നത്. പിന്നീട് അഭിനയം മാത്രമല്ല ജീവിതം പഠിച്ചതും അവിടെ നിന്നാണന്ന് വേണം പറയാന്. സംസ്‌കൃത നാടകങ്ങളായിരുന്നു അവിടെ അധികവും അവതരിപ്പിച്ചിരുന്നത്. ഭാവഭിനയവും ശാരീരിക വഴക്കവും ഒരുപോലെ വേണ്ട നാടകങ്ങൾ. അവിടെ എത്തിയ എന്നെ ആദ്യം സാർ കളരിപഠിക്കാൻ വിടുകയായിരുന്നു.
സോപാനത്തിൽ എത്തുമ്പോൾ ആകെ എനിക്ക് അറിയാമായിരുന്നത് ചിത്രം വരയ്ക്കാൻ മാത്രമാണ്. അങ്ങനെ ആദ്യകാലങ്ങളിലൊക്കെ നാടകസെറ്റ് വരച്ചുണ്ടാക്കുന്നതും കോസ്റ്റിയും ഡിസൈൻ ചെയ്യുന്നതുമൊക്കെ ഞാനായിരുന്നു. ഒന്നര വർഷത്തെ കാത്തിരുപ്പിന് ശേഷമാണ് ഒരു ചെറിയ വേഷമെങ്കിലും നാടകത്തിൽ അഭിനയിക്കാനായത്. രണ്ടുവർഷം കഴിഞ്ഞു ഒരു പ്രധാന വേഷം അഭിനയിക്കുമ്പോൾ. പിന്നീട് ഇങ്ങോട്ട് നിരവധി വേദികളിൽ വിവിധ കഥാപാത്രങ്ങളാകാൻ കഴിഞ്ഞു. എന്റെ ജീവിത്തതിൽ നാഴിക കല്ലായ സ്ഥലമായതിനാലാണ് സോപാനം പേരിനൊപ്പം ചേർത്തത്.
ഉപ്പും മുളകിലും എത്തുന്നത്
അമൃതാ ടിവിയ്ക്കുവേണ്ടി ബാക്ക് ബഞ്ചേഴ്‌സ് എന്നൊരു സീരിയലിന്റെ ഓഡീഷനുവേണ്ടി ചെന്നപ്പോഴാണ് ഉപ്പും മുളകിന്റെയും ആദ്യ സംവിധായകൻ ഉണ്ണികൃഷ്ണൻ സാറിനെ പരിചയ്യപ്പെടുന്നത്. ആ പരിചയമാണ് പിന്നീട് ഉപ്പും മുളകിൽ എത്തിച്ചത്. അത് ജീവിത്തതിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. നിരവധി സിനിമകളിൽ അതിനുശേഷം വിളിച്ചു. ചിലതൊക്കെ ചെയ്തു. പ്രേക്ഷകരുടെ സ്‌നേഹം ഇത്രമാത്രം കിട്ടാൻ കാരണം അതിലെ ബാലു എന്ന കഥാപാത്രമാണ്.
ബാലുവും നീലുവും മക്കളും
ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവരാണ് ബാലുവും നീലുവും മക്കളും. നമുക്ക് ചുറ്റും അല്ലെങ്കിൽ നമ്മുടെ വീട്ടിൽതന്നെ ചിലപ്പോഴൊക്കെ നമുക്ക് തന്നെ ഈ കഥാപാത്രങ്ങളുമായി സാമ്യം തോന്നുന്നതുകൊണ്ടാണ് ബാലുവും കുടുംബവും ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ടത്. സ്വാഭാവികമായ അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നത്. നാടകീയമായ മുഹൂർത്തങ്ങൾ ഒന്നുമില്ലാതെയുള്ള അവതരണമായതിനാലാകണം കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും ശ്രദ്ധിക്കപ്പെടാൻ കാരണം.സീരിയലിലെ കുട്ടികൾക്ക് ഞാനും നീലുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരഗും അച്ഛനും അമ്മയും പോലെ തന്നെയാണ്. സെറ്റിനു പുറത്തും അവർ അച്ഛാ അമ്മാ എന്നു തന്നെയാണ് വിളിക്കുന്നത്. സീരിയൽ ആരംഭിച്ചതുമുതൽ ഇന്നുവരെ അങ്ങനെയാണ്. ആ അടുപ്പവും കഥാപാത്രങ്ങളെ വിജയിപ്പിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്.
ഇനിയുള്ള സ്വപ്നം
ഇനി മൂന്ന് സ്വപ്‌നങ്ങൾ കൂടിയുണ്ട്, അഭിനയിക്കണം…അഭിനയിക്കണം..അഭിനയിക്കണം

Spread the love

web desk

Leave a Reply

Your email address will not be published. Required fields are marked *