യു.എസ് ഇസ്രായേലിനൊപ്പം ചേർന്നാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന്; ആയത്തുള്ള അലി ഖമേനി
ടെഹ്‌റാൻ: ഇസ്രയേലിനൊപ്പം സൈനിക നടപടിയിൽ അമേരിക്ക പങ്കുചേർന്നാൽ പരിഹരിക്കാനാകാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി . ഇസ്രയേൽ ദുർബലമായതിനാലാണ് അമേരിക്ക ഇസ്രയേലിൽ ചേരുന്നതെന്ന് ഖമേനി വിമർശിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രത്യേക പ്രസംഗത്തിൽ, ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്ന് ഖമേനി പറഞ്ഞു. ഇറാൻ നിരുപാധികമായി കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയായാണ് ഖമേനിയുടെ പ്രസ്താവന.
“ഒരു തരത്തിലുള്ള ഭീഷണിക്കോ ഉത്തരവിനോ ഇറാൻ വഴങ്ങില്ല. ഇസ്രായേലിനെ സഹായിക്കാൻ അമേരിക്ക നടത്തുന്ന ഏതൊരു സൈനിക ഇടപെടലും അമേരിക്കക്കാർക്ക് പരിഹരിക്കാനാകാത്ത ദോഷം വരുത്തും. ഇറാന്റെ ചരിത്രം അറിയുന്നവർക്ക് ഇറാനികൾ ഭീഷണിയുടെ ഭാഷയോട് നന്നായി പ്രതികരിക്കുന്നില്ലെന്ന് അറിയാം,” ഖമേനി കൂട്ടിച്ചേർത്തു. “‘സുപ്രീം നേതാവ്’ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്, പക്ഷേ അവിടെ സുരക്ഷിതനാണ് – ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കാൻ പോകുന്നില്ല (കൊല്ലില്ല!), കുറഞ്ഞത് ഇപ്പോഴെങ്കിലും,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ഇറാൻ നിരുപാധികമായി കീഴടങ്ങണമെന്ന് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഖമേനി ഖത്തർ അമീറിന് നിർണായക സന്ദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇറാനിയൻ അംബാസഡർ ആണ് കത്ത് അമീറിന് കൈമാറിയത്. കത്ത് ലഭിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.

