കർണാടകയിൽ അപകടം; ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ കുഞ്ഞ് മരിച്ചു, മരണസംഖ്യ മൂന്നായി
കൽപ്പറ്റ: കർണാടകയിലെ ബെഗൂരിൽ ഒരു മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ ടോറസ് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന മുഹമ്മദ് ഷാഫിയുടെ (32) മകൻ ഹൈസം ഹനാൻ എന്ന ഒന്നര വയസ്സുള്ള കുഞ്ഞ് ഇന്ന് മരിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിലെ അബ്ദുൾ ബഷീർ (53), അനന്തരവന്റെ ഭാര്യ ജാഫീറ (28) എന്നിവർ അപകട ദിവസം തന്നെ മരിച്ചിരുന്നു. ബഷീറിന്റെ ഭാര്യ നസീമ (45), മുഹമ്മദ് ഷാഫി എന്നിവർ ചികിത്സയിലാണ്. തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കാൻ പോയ കുടുംബം ബെംഗളൂരു വിമാനത്താവളത്തിൽ എത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

