സ്ത്രീകളിലെ പ്രമേഹം; ശരീരം നല്‍കുന്ന ചില സൂചനകള്‍ അവഗണിക്കുന്നത്
ഏതു പ്രായക്കാരെയും ബാധിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് പ്രമേഹം. പ്രാരംഭഘട്ടത്തില്‍ ശരീരം നല്‍കുന്ന ചില സൂചനകള്‍ അവഗണിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പ്രമേഹത്തെ നേരത്തെ തിരിച്ചറിയാം. ഈ 5 ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം.
- പിസിഒഎസ്
പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പിസിഒഎസ് എന്ന ഹോര്‍മോണ്‍ അവസ്ഥ ശരീരത്തില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ 70 ശതമാനം വരെ ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടായേക്കാമെന്നാണ് കരുതുന്നത്.
- മൂത്രനാളിയിലെ അണുബാധ
മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ഇന്‍ഫക്ഷന്‍ പതിവാകുന്നത് പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവു ഉയരുന്നത് നിരവധി ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുയോജ്യമാകുന്നു. ഇത് ആവര്‍ത്തിച്ചുള്ള അണുബാധയ്ക്ക് കാരണമാകുന്നു.
- ക്രമരഹിതമായ ആര്‍ത്തവം
സ്ത്രീകളിലെ ആര്‍ത്തവ ചക്രത്തെയും പ്രമേഹം ബാധിക്കാം. പ്രമേഹം ഹോര്‍മോണ്‍ നിയന്ത്രണത്തെയും ഇന്‍സുലിന്‍ സംവേദനക്ഷമതയെയും ബാധിക്കാമെന്നതിനാല്‍ ക്രമരഹിതമായ ആര്‍ത്തവത്തിനോ രക്തസ്രാവം കൂടാനോ കാരണമായേക്കാം.
- യോനിയില്‍ വരള്‍ച്ച
പ്രമേഹം ഉണ്ടെങ്കില്‍ യോനിയില്‍ വരള്‍ച്ച സംഭവിക്കാം. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര യോനിയിലെ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും. ഇത് ലൂബ്രിക്കേഷന്റെ അഭാവത്തിലേക്ക് നയിക്കുന്നു. തല്‍ഫലമായി, ചില സ്ത്രീകള്‍ക്ക് ലൈംഗികബന്ധം വളരെ വേദനാജനകമായി മാറുന്നു.
- അമിത ദാഹം
പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് അമിതമായ ദാഹം അനുഭവപ്പെടുന്നത്. പോളിഡിപ്സിയ എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്. ഇത് സ്ത്രീകള്‍ക്ക് മാത്രമുള്ള ലക്ഷണമല്ല. പക്ഷേ സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഈ ലക്ഷണങ്ങള്‍ ഗര്‍ഭാവസ്ഥയിലോ ആര്‍ത്തവസമയത്തോ കൂടുതല്‍ രൂക്ഷമാകാം.

