ഡോ. തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തിച്ചു:തിരുവല്ല ലോക്കല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത്
പത്തനംതിട്ട: രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിപിഎം തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത് . പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഡോ. തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. വിമര്‍ശനങ്ങള്‍ ചര്‍ച്ച ആകാതെയിരിക്കാന്‍ ജില്ലാ സെക്രട്ടറി ഇടപെട്ട് പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നത്.
ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നിര്‍ത്തിവെച്ചത്. സമ്മേളനത്തില്‍ അവതരിപ്പിക്കുകയും പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പ്രതിനിധികളില്‍ നിന്ന് തിരികെ വാങ്ങുകയും ചെയ്ത പ്രവര്‍ത്തന റിപ്പോര്‍ട്ടാണിത്. പീഡനക്കേസ് പ്രതിയായ പ്രാദേശിക നേതാവ് സി.സി. സജിമോനെ പിന്തുണച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്. അങ്ങനെയുള്ള റിപ്പോര്‍ട്ട് സമ്മേളനത്തില്‍ ചര്‍ച്ചയാകാതിരിക്കാനാണ് തിരികെ വാങ്ങിയത്.
റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനങ്ങള്‍ ഇങ്ങനെ, പീഡനക്കേസ് പ്രതിയായ സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ മുന്‍ ഏരിയ സെക്രട്ടറിയും ഒരുവിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. നടപടിയെടുക്കാന്‍ തീരുമാനമെടുത്ത കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന നിര്‍ദേശം നല്‍കി. ഐസക്കിനെ തോല്‍പ്പിക്കാന്‍ വ്യാപമായി പ്രവര്‍ത്തിച്ചു.

