നഴ്സിങിന് കർണ്ണാടകയിലേക്കോ? ഈ ചതി അറിയണം!
പ്ലസ്ടു സയൻസിന് ശേഷം എന്ത്? മാതാപിതാക്കളും വിദ്യാർത്ഥികളും ആശങ്കയോടെ അഭിമുഖീകരിക്കുന്ന ചോദ്യം. ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ഉത്തരം ഒന്നാകും. നഴ്സിങ്. അതേ, നഴ്സിങ് പോലെ അനേകം ആളുകൾക്ക് തൊഴിൽ സാധ്യതയുള്ള, ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രൊഫഷനുകൾ വളരെ ചുരുക്കമാണ്. വിദേശരാജ്യങ്ങളിൽ അംഗീകൃത നഴ്സിങ് സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വൻ ഡിമാന്റാണ് താനും.
എന്നാൽ ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങി യാതൊന്നും അന്വേഷിക്കാതെ കുടുംബം പണയപ്പെടുത്തി എതെങ്കിലും വ്യാജ നഴ്സിങ് സ്ഥാപനത്തിൽ നിന്ന് നഴ്സിങ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത് ജോലിയല്ല. ‘എട്ടിന്റെ പണിയാണ്.’ സുരക്ഷിതമെന്ന് കരുതി ഏജന്റുമാരുടെ വാക്ക് വിശ്വസിച്ച് ഏതെങ്കിലുമൊരു നഴ്സിങ് കോളജിൽ അഡ്മിഷൻ എടുക്കുന്നവർ തോണ്ടുന്നത് തങ്ങളുടെ കുഞ്ഞുങ്ങളുടെ ശവക്കുഴിയായിരിക്കും. വെള്ളവസ്ത്രം ധരിച്ച് ആശുപത്രിയിൽ അനേകർക്ക് ആശ്വാസമാകേണ്ട മക്കൾ വെള്ളപുതച്ച് വീട്ടിലെത്തുന്ന കാഴ്ചയാകും നിങ്ങൾ കാണേണ്ടിവരിക.
കേരളത്തിൽ നഴ്സിങ് പഠനം സാധ്യമോ?
കേരളത്തിലെ നഴ്സിങ് കോളജിലേക്കുള്ള പ്രവേശനം എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി വഴിയാണ്. പ്ലസ്ടുവിന് ഫിസിക്സിനും കെമിസ്ട്രിക്കും ബയോളജിക്കും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും എൻട്രൻസ് ടെസ്റ്റിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലുമാകും കുട്ടികൾക്ക് കേരളത്തിൽ ബി.എസ്.സി നഴ്സിങിന് പ്രവേശനം ലഭിക്കുക. അതും തൊണ്ണൂറ് ശതമാനത്തിലേറെ മാർക്കും ആവശ്യമായേക്കും. ദൗർഭാഗ്യമെന്ന് പറയട്ടെ, കേരളത്തിൽ സ്വകാര്യമേഖലയിൽ ബി.എസ്.സി നഴ്സിങിന് 8467 സീറ്റ് മാത്രമാണുള്ളത്. സർക്കാർ മേഖലയിൽ 14 ജില്ലകളിലുമായുള്ളത് 1090 സീറ്റും. ആകെ 9557 സീറ്റ്. അതിനാൽ വളരെ സമർത്ഥരായ കുട്ടികൾക്ക് മാത്രമാണ് കേരളത്തിൽ പൊതുവെ പ്രവേശനം ലഭിക്കുക. ഇത്തവണ 4.52 ലക്ഷം കുട്ടികൾ ഹയർസെക്കന്ററി പരീക്ഷയെഴുതി എന്നാണ് കണക്ക്. അതിൽ സയൻസ് വിഷയം പഠിക്കുന്ന രണ്ട് ലക്ഷത്തിലേറെ കുട്ടികൾക്ക് ബി.എസ്.സി നഴ്സിങ്ങിനുള്ളത് ആകെ 9557 സീറ്റാണ്. ഫലത്തിൽ “ആനവായിൽ അമ്പഴങ്ങ”! അതിനാൽ തന്നെ കുട്ടികളുടെ ഭാവിയെപ്പറ്റി കരുതലുള്ള മാതാപിതാക്കൾ നഴ്സിങ് പഠനത്തിനായി അന്യസംസ്ഥാനങ്ങളിലെ നഴ്സിങ് കോളജുകളെ ആശ്രയിക്കുകയാണ് പതിവ്.
കർണ്ണാടകയിൽ അഡ്മിഷൻ കണ്ണടച്ചെടുക്കല്ലേ!
2025-2026 അക്കാദമിക വർഷത്തിൽ കർണ്ണാടക സർക്കാർ-സ്വകാര്യ കോളജുകളിലായുള്ളത് 31726 ബി.എസ്.സി നഴ്സിങ്ങ് സീറ്റുകളാണ്. ഇതിൽ 10293 സീറ്റുകൾ മാത്രമാണ് സർക്കാർ ക്വാട്ടയിൽ ഉള്ളത്. പ്രൈവറ്റ് ക്വാട്ടയിലുള്ളത് 21871 സീറ്റുകളും. പുതുതായി ആരംഭിച്ച നഴ്സിങ് കോളജുകളായി 1500 സീറ്റുകളുമുണ്ട്. കർണ്ണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (KEA) വഴിയാണ് പ്രവേശനം. എങ്കിലും അത് എഴുതാത്ത കുട്ടികൾക്കും പ്രവേശനം ലഭിക്കാറുണ്ട്.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ബി.എസ്.സി നഴ്സിങിന് സിറ്റുകൾ പരിമിതമായതിനാൽ പ്ലസ്ടു പരീക്ഷ കഴിഞ്ഞയുടൻ കർണ്ണാടകയിലെ മികച്ച കോളജുകളിൽ കുട്ടികൾ അഡ്മിഷനെടുക്കും. തത്ഫലമായി മികച്ച കോളജുകളിലെ സീറ്റുകൾ ആദ്യം തീരും. ഈ സമയത്താണ് മോശം കോളജുകളുടെ ഏജന്റുമാർ മനസിൽ ചതിക്കുഴിയൊരുക്കി നിങ്ങളെ സമീപിക്കുക.
ചതിയിൽ വീഴാതിരിക്കാൻ
1, നേരിട്ട് പരിചയമുള്ളതും നിങ്ങൾക്ക് പരിചയമുള്ള കുട്ടികൾ പഠിക്കുന്നതുമായ മലയാളി മാനേജ്മെന്റിന്റെ നഴ്സിങ് കോളജുകളിൽ നേരിട്ട് അഡ്മിഷൻ എടുക്കുന്നതാണ് ഏറെ ഉചിതം. ഇതിനായി അഡ്മിഷൻ കോർഡിനേറ്ററെ സമീപിക്കാം. ആ കോളജിൽ പഠിക്കുന്ന നിങ്ങൾക്ക് പരിചയമുള്ള വിദ്യാർത്ഥികളോട് കോളജിനെപ്പറ്റി അന്വേഷിക്കുക. നൂറ് ശതമാനം വിജയമുണ്ടോ എന്ന് അന്വേഷിക്കുക. ക്ലിനിക്കൽ പോസ്റ്റിങിനെപ്പറ്റിയും പഠനശേഷമുള്ള പ്ലേസ്മെന്റിനെപ്പറ്റിയും വ്യക്തമായി ചോദിക്കുക.
ഏഷ്യയിലെ തന്നെ പ്രശസ്തമായ കാർഡിയാക് സെന്ററായ നാരായണ ഹൃദയാലയയിൽ ക്ലിനിക്കൽ പോസ്റ്റിങും പഠനശേഷം പ്ലേസ്മെന്റും നൽകുന്ന സ്ഥാപനങ്ങളുണ്ട്. അതേ, സമയം പേരുപോലും കേൾക്കാത്ത ആശുപത്രികളിൽ പേരിന് മാത്രം ക്ലിനിക്കൽ പോസ്റ്റിങ് നൽകുന്ന സ്ഥാപനങ്ങളുമുണ്ട്. അവിടെ പഠിച്ചാൽ കുട്ടികൾക്ക് ശരിയായി ഇൻജക്ഷൻ വയ്ക്കാൻ പോലും അറിയണമെന്നില്ല. മികച്ച ആശുപത്രികളിൽ ക്ലിനിക്കൽ പോസ്റ്റിങും പരിശീലനവും ലഭിച്ചില്ലെങ്കിൽ നഴ്സിങ് പഠിച്ചു എന്ന ഒരു കാരണം കൊണ്ടുമാത്രം നിങ്ങൾക്ക് ജോലി കിട്ടണമെന്നില്ല. ശരിയായ പരിശീലനം ലഭിച്ചില്ലെങ്കിൽ മികച്ച ആശുപത്രികളിലേക്കുള്ള ജോബ് ഇന്റർവ്യൂവിൽ നിങ്ങൾ ഇരുന്ന് വിയർക്കും. അനേകം കുട്ടികളാണ് ഇത്തരത്തിൽ മികച്ച പരിശീലനം ലഭിക്കാത്തത് മൂലം വിദേശത്തും സ്വദേശത്തുമായുള്ള ജോബ് ഇന്റർവ്യൂകളിൽ പരാജയപ്പെടുന്നത്.
തങ്ങൾക്ക് സ്വന്തമായി വലിയ ആശുപത്രിയുണ്ട് എന്ന പൊള്ളയായ അവകാശവാദമുന്നയിച്ച് ഭീമമായ ഫീസ് വാങ്ങുന്ന ചില കോളജുകളുണ്ട്. എന്നാൽ ജനറൽ പ്രാക്ടീഷണർമാർ മാത്രമുള്ള ചെറിയ ആശുപത്രിയായിരിക്കും അവരുടേത്. അവിടെ ശരീരത്തിലെ വിവിധ അവയവങ്ങളെപ്പറ്റിയും അവയെ ബാധിക്കുന്ന അസുഖങ്ങളെപ്പറ്റിയും മനോരോഗങ്ങളെപ്പറ്റിയും സ്പെഷ്യലൈസ് ചെയ്യാനുള്ള അവസരമുണ്ടാകില്ല. തത്ഫലമായി കുട്ടികൾക്ക് നഴ്സിങ് പഠനത്തിൽ വേണ്ടത്ര അറിവ് ലഭിക്കില്ല. ഫലമോ പരീക്ഷയിൽ പരാജയം.
അത്തരം വ്യാജ നഴ്സിങ് കോളജുകളെക്കാളും നല്ലത് ആയിരവും രണ്ടായിരവും ബെഡുകളുള്ള പ്രശസ്തമായ ഹോസ്പിറ്റലുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന നഴ്സിങ് കോളജുകളാണ്. അത്തരം ഹോസ്പിറ്റലുകളിലെ ചിട്ടയായ പരിശീലനം കുട്ടികളെ നഴ്സിങ് മേഖലയിൽ വിദഗ്ദരാക്കും. ബാംഗ്ലൂരിലെ തന്നെ പ്രശസ്തമായ കിദ്വായി (KIDWAI) കാൻസർ സെന്റർ, ഓക്സ്ഫോർഡ് മെഡിക്കൽ കോളജ്, ഏഷ്യയിലെ ഏറ്റവും വലിയ കാർഡിയാക് സെന്ററായ നാരായണ ഹൃദയാലയ തുടങ്ങിയ ഹോസ്പിറ്റലുകളിൽ ചുരുക്കം ചില മികച്ച നഴ്സിങ് കോളജുകൾ പരിശീലനം നൽകാറുണ്ട്. അത്തരം ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിനും വലിയ മൂല്യമുണ്ട്. അത് വിദേശ രാജ്യങ്ങളിൽ പെട്ടെന്ന് ജോലി നേടാൻ കുട്ടികളെ സഹായിക്കും.
2, കോളജിൽ അഡ്മിഷൻ എടുക്കുന്നതിന് മുമ്പ് കോളജിന്റെ അംഗീകാരത്തെപ്പറ്റിയുളള വിവരങ്ങൾ കോളജ് അധികൃതരോട് ആവശ്യപ്പെടുക. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരവും കർണ്ണാടക നഴ്സിങ് കൗൺസിലിന്റെ അംഗീകാരവും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ അംഗീകാരവും തെളിയിക്കുന്ന രേഖകൾ കോളജ് അധികൃതരോട് കാണിക്കാൻ ആവശ്യപ്പെടാം. യൂണിവേഴ്സിറ്റി എക്സാമിനേഷൻ സെന്ററും വാല്യുവേഷൻ സെന്ററും കോളജിൽ ഉണ്ടോ എന്ന് പരിശോധിക്കുക. ഓരോ അധ്യായന വർഷത്തെ ഇൻടേക്കിലും എത്ര കുട്ടികളുണ്ട് എന്നും പരിശോധിക്കുക. ചില കോളജുകൾ തങ്ങൾക്കനുവദിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണത്തേക്കാളും കുട്ടികളെ ചേർത്ത് കൊള്ളലാഭം കൊയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ അങ്ങനെ ചേരുന്ന കുട്ടികൾക്ക് പരീക്ഷയെഴുതാൻ പോലുമാകില്ല. പിന്നെ പറയേണ്ടല്ലോ ഭാവി ആവിയാകും.

3, കോളജ് അധികൃതരോട് നിങ്ങളുടെ പ്രദേശത്ത് നിന്നും അവിടെ പഠിക്കുന്ന സീനിയർ വിദ്യാർഥികളുടെയോ അവരുടെ മാതാപിതാക്കളുടെയോ നമ്പർ നൽകാൻ ആവശ്യപ്പെടാം. മാതൃകപരമായി പ്രവർത്തിക്കുന്ന കോളജുകൾ അത്തരം റഫറൻസ് നമ്പറുകൾ നൽകും. നമ്പർ തരാൻ മടിക്കുന്നുവെങ്കിൽ ഉറപ്പിച്ചോളൂ. അവർ നിങ്ങളോട് പറഞ്ഞതെല്ലാം നുണയാണ്. നല്ല ഒന്നാന്തരം കല്ലുവെച്ച നുണ.
4, കോളജും ഹോസ്റ്റലും കാന്റീനും നേരിൽ കണ്ട് സൗകര്യങ്ങൾ ബോധ്യപ്പെടുക. പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കോളജിലുണ്ടോ എന്ന് പരിശോധിക്കുക. ലാബും ക്ലാസ്മുറികളും ലൈബ്രറിയും നേരിൽ കണ്ട് ബോധ്യപ്പെടുക. പ്രിൻസിപ്പലിനോടും അധ്യാപകരോടും സംസാരിക്കുക. അവരുടെ ക്വാളിഫിക്കേഷനെപ്പറ്റിയും ചോദിക്കുക. മികച്ചതെന്ന് നിങ്ങളോട് ഏജന്റുമാർ പറഞ്ഞ കോളജുകളിൽ ചില സമയങ്ങളിൽ തൂപ്പുകാർ പോലും അധ്യാപകരാകാറുണ്ട്. മികച്ച കോളജുകൾ അഡ്മിഷൻ എടുക്കാൻ വരുന്നവർക്ക് ചെയർമാനുമായും പ്രിൻസിപ്പലുമായും നേരിൽ കണ്ട് സംസാരിക്കാനും സംശയങ്ങൾ ദുരീകരിക്കാനുമുള്ള അവസരം ഒരുക്കും.
കാന്റീനിലെ ഭക്ഷണത്തെപ്പറ്റിയും അവിടെ പഠിക്കുന്ന കുട്ടികളോട് ചോദിക്കുക. ആദ്യവർഷം മാത്രം മലയാളി ഭക്ഷണവും പിന്നീട് പച്ചരിച്ചോറും മാത്രം നൽകുന്ന ഉഡായിപ്പ് സ്ഥാപനങ്ങളുണ്ട്. നിങ്ങളുടെ കോളജിൽ നാല് വർഷവും മികച്ച മലയാളി ഭക്ഷണമാണ് ലഭിക്കുന്നതെന്ന് അവിടെ പഠിക്കുന്ന കുട്ടികളോട് ചോദിച്ചുറപ്പാക്കുക. അല്ലെങ്കിൽ നിങ്ങളുടെ മക്കളുടെ തടി കേടാകും.
5, ഹോസ്റ്റലും പരിസരവും നേരിൽ കണ്ട് കുട്ടികൾക്ക് സുരക്ഷിതമായ ഇടമാണെന്ന് ഉറപ്പാക്കുക. പെൺകുട്ടികളുടെ ഹോസ്റ്റൽ കോളജ് കോമ്പൗണ്ടിൽ തന്നെയാകുന്നതാണ് ഉചിതം. ഹോസ്റ്റൽ വാർഡനായി മലയാളി സിസ്റ്റേഴ്സുള്ള സ്ഥാപനങ്ങളുണ്ട്. അത്തരം സ്ഥാപനങ്ങളിൽ കുട്ടികൾക്ക് അച്ചടക്കവും സുരക്ഷയുമുണ്ടാകും. രാത്രിയിൽ കുട്ടികൾക്ക് ഭക്ഷണം ഹോസ്റ്റലിനുള്ളിൽ തന്നെ ലഭിക്കുന്നുണ്ടെന്നും മാതാപിതാക്കൾ ഉറപ്പാക്കണം. നല്ല വാർഡൻമാരില്ലാത്ത കോളജുകളുടെ ഹോസ്റ്റലുകളിൽ കുട്ടികൾ വഴി തെറ്റിപോകാനുള്ള സകല സാധ്യതകളുമുണ്ട്. അത്തരം ഹോസ്റ്റലുകളിൽ പെൺകുട്ടികളെ രാത്രിയിൽ അവരുടെ ഇഷ്ടക്കാർ കാണാനുമെത്തും.
ജല സൗകര്യത്തിന്റെ കാര്യത്തിലും മാതാപിതാക്കളുടെ ശ്രദ്ധവേണം. കുടിവെള്ളവും കുളിക്കുന്ന വെള്ളവും നല്ലതല്ലെങ്കിൽ കുട്ടികൾക്ക് സാംക്രമിക രോഗങ്ങൾ പിടിപെടാം. കോവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങളുണ്ടായാൽ അത് പകരാതിരിക്കാൻ ഐസൊലേഷൻ വാർഡ് പോലെയുള്ള സംവിധാനങ്ങൾ ഹോസ്റ്റലിൽ ഉണ്ടോ എന്നതും പ്രത്യേകം പരിശോധിക്കണം.
6,കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ മുൻതൂക്കം നൽകുന്ന സ്ഥാപനങ്ങളുണ്ടാകും. അത്തരം സ്ഥാപനങ്ങൾ കുട്ടികളെ കോളജിൽ നിന്ന് പുറത്തുകൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും തങ്ങളുടെ തന്നെ വാഹനങ്ങളിലായിരിക്കും. അനാവശ്യമായി കുട്ടികളെ കോളജിൽ നിന്ന് പുറത്തുപോകാനോ, മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആരും കാണാനോ അവർ അനുവദിക്കില്ല. മൊബൈൽ ഫോണിന്റെ ഉപയോഗവും നല്ല സ്ഥാപനങ്ങൾ ക്യാമ്പസിനുള്ളിലും ഹോസ്റ്റലിനുള്ളിലും നിയന്ത്രിക്കും. ഹോസ്റ്റലിലും കോളജിലുമുള്ള അമിത സ്വാതന്ത്ര്യം മൂലം തെറ്റായ ബന്ധങ്ങളിൽ പെട്ടും മയക്കുമരുന്നിന് അടിമയായും പല കോളജുകളിലും കുട്ടികളുടെ സമനില തെറ്റാറുണ്ട്. അത്തരക്കാർ ഒടുവിൽ ആത്മഹത്യയിൽ അഭയം തേടുന്ന വാർത്തകളുമുണ്ട്.
വ്യാജ ഏജന്റുമാരുടെ കൊലച്ചതി
കോളജിന് വേണ്ടത്ര അടിസ്ഥാന സൗകര്യമില്ല, മതിയായ അംഗീകാരമില്ല. ആകെയുള്ളത് ചില കള്ള ഏജന്റുമാരും കോളജ് അധികൃതരും കെട്ടിപ്പൊക്കിയ നുണയുടെ കൊട്ടാരം മാത്രം. അത്തരം മോശം കോളജുകൾ തങ്ങളുടെ പക്കലേക്ക് ഏജന്റുമാർ എത്തിക്കുന്ന ഓരോ കുട്ടിക്കും അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ കമ്മീഷൻ കൊടുക്കും. ചിലപ്പോൾ കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ഇവർ സർവീസ് ചാർജെന്ന നിലയിൽ പണം കൊള്ളയടിക്കും. ഫീസ് വളരെ കുറവ്, എല്ലാ
അംഗീകാരവും, കുട്ടികൾക്ക് രുചികരമായ മലയാളി ഭക്ഷണം, മികച്ച ആശുപത്രികളിൽ ക്ലിനിക്കൽ പോസ്റ്റിങ് എന്നിങ്ങനെയുള്ള നുണകൾ ചമച്ചാകും ഇവരുടെ വരവ്.
ആവശ്യമെങ്കിൽ മാതാപിതാക്കളെ സൗജന്യമായി വാഹനത്തിൽ കയറ്റി ഭക്ഷണം വാങ്ങിക്കൊടുത്ത് ബാംഗ്ലൂരിലെയും മംഗലാപുരത്തെയും ഏറ്റവുമധികം കമ്മീഷൻ ലഭിക്കുന്ന സ്ഥാപനത്തിൽ ചില ഏജന്റുമാർ എത്തിക്കും. മികച്ച സ്ഥാപനത്തിലേക്കല്ല ഏറ്റവുമധികം കമ്മീഷൻ ലഭിക്കുന്ന സ്ഥാപനത്തിലേക്കാകും ചില ഏജന്റുമാർ മാതാപിതാക്കളെ എത്തിക്കുക. അതിന് മികച്ച സ്ഥാപനങ്ങളെ കുറ്റം പറയുന്നതും ഇവരുടെ രീതിയാണ്. കോളജിൽ ഇല്ലാത്ത സീറ്റ് പെരുപ്പിച്ച് കാട്ടിയും ഇവർ മാതാപിതാക്കളെയും കുട്ടികളെയും വഞ്ചിക്കും. അങ്ങനെ ചതിയിൽ പെട്ട് നിരവധിപ്പേർക്കാണ് തങ്ങളുടെ ഭാവിയും കഷ്ടപ്പെട്ടുണ്ടാക്കിയ പണവും നഷ്ടമായത്. നിരവധി വിദ്യാർഥികളാണ് ഇത്തരം ഏജന്റുമാർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. മികച്ച കോളജിൽ അഡ്മിഷനെടുത്ത കുട്ടിയെ ആ കോളജിന്റെ കുറ്റം പറഞ്ഞ് തങ്ങൾക്ക് കമ്മീഷൻ ലഭിക്കുന്ന മറ്റ് കോളജുകളിലേക്ക് മാറ്റാനും ഇവർ ശ്രമിക്കാറുണ്ട്. അങ്ങനെയുളള കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോളജിന്റെ ഔദ്യോഗിക ഫീസിനേക്കാളും ഫീസ് കൂടുതൽ മാതാപിതാക്കളിൽ നിന്ന് വാങ്ങുന്നതാണ് ചില കള്ള ഏജന്റുമാരുടെ രീതി. എന്നാൽ ആ തുകയ്ക്ക് കോളജിന്റെ റസിപ്റ്റും ഉണ്ടാകില്ല. അതിനാൽ തന്നെ കോളജിന്റെ ഡയറക്റ്റ് അഡ്മിഷൻ കോർഡിനേറ്റർമാർ വഴി അഡ്മിഷൻ എടുക്കുന്നതാണ് ഏറെ സുരക്ഷിതം. അവർക്ക് കമ്മീഷൻ ഇല്ലാത്തതിനാൽ കോളജിന്റെ മാത്രം ഫീസാകും നിങ്ങൾ അടയ്ക്കേണ്ടി വരിക.
അത്തരം മികച്ച കോളജുകളിൽ പെട്ടെന്ന് തന്നെ അഡ്മിഷൻ തീരുകയും ചെയ്യും. അംഗീകൃത ഏജന്റുമാരും നാമമാത്രമായ കമ്മീഷൻ മാത്രമേ കൈപ്പറ്റാറുള്ളൂ. അവർ വഴി എടുക്കുന്ന അഡ്മിഷനും സുരക്ഷിതമായിരിക്കും.
അഡ്മിഷൻ എടുക്കുന്ന സമയത്ത് ചില കോളജുകൾ കൺഫിർമേഷൻ ലെറ്ററിൽ അടുത്ത നാല് വർഷത്തേക്കുള്ള മുഴുവൻ ഫീസും (ഹോസ്റ്റൽ, ഭക്ഷണം, യൂണിഫോം, മറ്റ് ചിലവുകൾ) കൃത്യമായി രേഖപ്പെടുത്തി മാതാപിതാക്കൾക്ക് നൽകാറുണ്ട്. അത്തരം കോളജുകളിൽ നിങ്ങളുടെ കുട്ടികൾ സുരക്ഷിതരായിരിക്കും. അല്ലെങ്കിൽ മക്കളെ നഴ്സിങിന് വിട്ടതിന്റെ പേരിൽ നിങ്ങൾ കുടുംബം വിൽക്കേണ്ടിവരും.
ബാംഗ്ലൂരോ മംഗലാപുരമോ?
മംഗലാപുരം ഏറെ അടുത്ത്, സുരക്ഷിതം. ബാംഗ്ലൂർ അകലെ, അരക്ഷിതം. എന്നാണ് ചുരുക്കം ചില മാതാപിതാക്കളും ചിന്തിക്കുന്നത്. എന്നാൽ രണ്ടും കർണ്ണാടകയിലാണ്. രണ്ടിടത്തുമുള്ള കോളജുകളും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലാണ്. രണ്ടിടത്തും മികച്ച കോളജുകളുമുണ്ട്.
എന്നാൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ പഠിക്കുന്നതിനും മികച്ച ജോലി ലഭിക്കുന്നതിനും നല്ല ക്വാളിറ്റി ഓഫ് ലൈഫിനും മികച്ചത് ബാംഗ്ലൂർ തന്നെയാണ്. ബാംഗ്ലൂരിലെ മികച്ച കോളജുകളിൽ പഠിച്ച വിദ്യാർത്ഥികൾ ആദ്യ അവസരങ്ങളിൽ തന്നെ ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ് തുടങ്ങിയ പരീക്ഷകൾ മികച്ച സ്കോറോടുകൂടി പാസാകുന്നതും പതിവാണ്. മലയാളികൾക്ക് കന്നഡ അറിയാത്തതിനാൽ
ബാംഗ്ലൂരെന്ന മെട്രോ സിറ്റിയിൽ പിടിച്ചുനിൽക്കാൻ ഇംഗ്ലീഷ് പറഞ്ഞേപറ്റൂ. സ്ഥിരമായി ഇംഗ്ലീഷ് സംസാരിക്കുന്നതിലൂടെ അവരുടെ ഇംഗ്ലീഷിലുള്ള ആശയവിനിമയ ശേഷി വർധിക്കുകയും ആദ്യ ശ്രമത്തിൽ തന്നെ വിദേശഭാഷ പരീക്ഷകളിൽ മികച്ച മാർക്കോടെ വിജയിക്കുകയും ചെയ്യും.
മംഗലാപുരത്തെ അപേക്ഷിച്ച് ബാംഗ്ലൂരാണ് കൂടുതൽ മെഡിക്കൽ കോളജുകളടക്കം മികച്ച ആശുപത്രികൾ ഉള്ളത്. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ആശുപത്രികളെല്ലാം ബാംഗ്ലൂരുണ്ട്. മണിപ്പാൽ മെഡിക്കൽ കോളജ്, അപ്പോളോ മെഡിക്കൽ കോളജ്, സെന്റ് ജോൺസ് മെഡിക്കൽ കോളജ്, നാരായണ ഹൃദയാലയ തുടങ്ങി നാലപ്പതിനടുത്ത് മെഡിക്കൽ കോളജുകളും വളരെയധികം സൂപ്പർ സ്പെഷ്യാലിറ്റികളും മൾട്ടി സ്പെഷ്യാലിറ്റികളും ബാംഗ്ലൂരുണ്ട്. ഏകദേശം 1400 ൽ ഏറെ ഹോസ്പിറ്റലുകൾ. അതിനാൽ തന്നെ ബാംഗ്ലൂരിൽ പഠിക്കുന്ന കുട്ടികൾക്ക് അവസരങ്ങൾക്കായി അലയേണ്ടിവരില്ല. അവർ പഠിക്കുന്ന നഴ്സിങ് കോളജിന് ഈ ആശുപത്രികളുമായി ബന്ധമുണ്ടാകും. ആ ആശുപത്രികളിൽ നിങ്ങളുടെ കുട്ടികളുടെ സീനിയേഴ്സും ജോലി ചെയ്യുന്നുണ്ടാകും. അതിനാൽ തന്നെ നിങ്ങൾക്ക് വളരെ വേഗം ജോലി ലഭിക്കും.
അതേസമയം മംഗലാപുരം കേരളത്തോട് ചേർന്ന സ്ഥലമായതിനാൽ മലയാളികളാണ് അവിടെ അധികവും. അതുകൊണ്ട് തന്നെ കുട്ടികൾ മലയാളമാണ് കൂടുതൽ സംസാരിക്കുന്നത്. അതിനാൽ തന്നെ കുട്ടികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാനുള്ള അവസരങ്ങൾ കുറവാണ്. എന്നാൽ കുട്ടികൾ അടുത്തുതന്നെ വേണം എന്ന് കരുതുന്ന മാതാപിതാക്കൾ അവരെ മംഗലാപുരത്ത് വിടാനാണ് താത്പര്യം കാണിക്കുക.
അതേസമയം മംഗലാപുരത്ത് താമസിക്കുന്ന നിരവധി കുട്ടികൾ മികച്ച അവസരങ്ങൾക്കായി ബാംഗ്ലൂരിലാണ് നഴ്സിങ് പഠിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം. മംഗലാപുരത്ത് പ്രവർത്തിക്കുന്ന ചില നഴ്സിങ് കോളജുകളുടെ അംഗീകാരം അടുത്തിടെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി റദ്ദാക്കിയിട്ടുണ്ട്. അത് പരിശോധിച്ചുറപ്പാക്കിയ ശേഷം മാത്രമേ കുട്ടികളെ അവിടെ ചേർക്കാവൂ. ഉഡുപ്പിയിലും മറ്റിടങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മലയാളി ഭക്ഷണവും കിട്ടാക്കനിയാണെന്ന് ആരോപണവുമുണ്ട്.
ഒക്ടോബർ 2019 ന് അട്ടാവാറിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനുപമ മുതൽ കോളജ് മാനേജ്മെന്റിൽ നിന്നുള്ള സമ്മർദം സഹിക്കാനാകാതെ 2025 ഫെബ്രുവരിയിൽ ജീവനൊടുക്കിയ മലയാളി വിദ്യാർഥിനി അനാമിക വിനീത് വരെ ആറ് വിദ്യാർഥികളാണ് മംഗലാപുരത്ത് ആത്മഹത്യ ചെയ്തത്.
അതിനാൽ തന്നെ ബാംഗ്ലൂരോ മംഗലാപുരമോ ആകട്ടെ, കുട്ടികൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന, തങ്ങൾക്ക് പരിചയമുള്ള സുരക്ഷിതമായ കോളജുകളിൽ അവരെ ചേർക്കുന്നതാണ് ഉത്തരവാദിത്തമുള്ള മാതാപിതാക്കളുടെ രീതി. കുട്ടികൾ യു.കെയിലും, ഫ്രാൻസിലും, കാനഡയിലും ഫ്രാൻസിലും പോയി പഠിക്കുന്ന കാലമാണ്. നഴ്സിങ് കഴിഞ്ഞ കുട്ടികൾ ജോലി ചെയ്യുന്നതും ഇത്തരം വിദേശ രാജ്യങ്ങളിലുമാണ്. അതിനാൽ തന്നെ ദൂരമല്ല മക്കളുടെ ഭാവിയാണ്, സുരക്ഷിതത്വമാണ് പ്രധാനം. എവിടേക്കും ബസും ട്രെയിനും ഫ്ലൈറ്റുമുള്ള കാലമാണ്. അപ്പോൾ പിന്നെ ഈ വല്ലാത്ത ആശങ്കയ്ക്ക് എന്താണ് അടിസ്ഥാനം?
ഇവിടം സുരക്ഷിതം സുതാര്യം
കേരളസ്റ്റോറീസിന്റെ അന്വേഷണത്തിൽ സുരക്ഷിതമാണെന്ന് കണ്ടെത്തിയ എല്ലാ അംഗീകാരവുമുള്ള ചില നഴ്സിങ് കോളജുകൾ.
- സെന്റ് ജോൺസ് നഴ്സിങ് കോളജ് , കോറമംഗല ബംഗളുരു
- ബിജിഎസ് ഗ്ലോബൽ കോളജ് ഓഫ് നഴ്സിങ്, കെങ്കേരി, ബംഗളുരു
- ചിനൈ കോളജ് ഓഫ് നഴ്സിങ്, ആനക്കൽ ഹൊസൂർ, ബംഗളുരു (മലയാളി മാനേജ്മെന്റ്)
- ബാംഗ്ലൂർ മെഡിക്കൽ കോളജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- കർണ്ണാടക കോളജ് ഓഫ് നഴ്സിങ് ബാംഗ്ലൂർ
- മദർ തെരേസ കോളജ് ഓഫ് നഴ്സിങ്, ആനക്കൽ ഹൊസൂർ, ബംഗളുരു (മലയാളി മാനേജ്മെന്റ്)
- .ഫാദർ മുള്ളേഴ്സ് നഴ്സിങ് കോളജ് കങ്കനാടി, മംഗലാപുരം
- ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസ്, മംഗലാപുരം
ഇതിൽ പറയാത്ത മറ്റ് മികച്ച നഴ്സിങ് കോളജുകളും ബാംഗ്ലൂരിലും മംഗലാപുരത്തും ഉണ്ട്. സ്ഥലപരിമിതി കൊണ്ടാണ് ആ കോളജുകളുടെ പേരുകൾ ഇവിടെ പറയാത്തത്. അവിടെയും നിങ്ങൾക്ക് സുരക്ഷിതമായി അഡ്മിഷനെടുക്കാം. മറ്റ് കോളജുകളിൽ അഡ്മിഷൻ എടുക്കുമ്പോൾ അവിടെ പഠിക്കുന്ന വിദ്യാർഥികളോട് ആദ്യം കോളജിനെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം ചോദിക്കുകയും സർക്കാർ വെബ്സൈറ്റുകൾ പരിശോധിച്ച് മതിയായ അംഗീകാരം ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.

