അഹാനയുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ

അഹാനയുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ

തിരുവനന്തപുരം മരുതംകുഴിയില്‍ സ്ത്രീ എന്നപേരില്‍ ഒരു വീടുണ്ട്. പേരുപോലെ തന്നെ അഞ്ച് സ്ത്രീരത്‌നങ്ങളാണ് വീട് നിറഞ്ഞു നില്‍ക്കുന്നത്. ഈ വീട്ടിലെ അഞ്ച് സ്ത്രീരത്‌നങ്ങള്‍ ആരൊക്കെയാണന്നല്ലേ? മലയാളത്തിന്റെ പ്രിയപ്പെട്ട നായിക അഹാന സഹോദരങ്ങളായ ദിയ, ഇഷാനി, ഹന്‍സിക ഒപ്പം അവരുടെ അമ്മ ബിന്ദുവും. ഇനി ഇവര്‍ക്കൊരു കാവലാള്‍ കൂടിയുണ്ട് ഈ വീട്ടില്‍ മറ്റാരുമല്ല മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരം കൃഷ്ണകുമാറും. സ്ത്രീകള്‍ നിറഞ്ഞുവാഴുന്ന തന്റെ ചെറിയ വലിയവീട്ടീലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്നു അഹാന കൃഷ്ണ.

ഞങ്ങളുടെ വീട്

എല്ലാവരും കളിയാക്കി പറയാറുണ്ട് ഒരു ലേഡീസ് ഹോസ്റ്റലിന് സമാനമാണ് ഞങ്ങളുടെ വീടെന്ന്. വാര്‍ഡന്‍ അച്ഛനും. എപ്പോഴും നല്ല ബഹളമയമായിരിക്കും ഞങ്ങളുടെ വീട്. കളിയും ചിരിയും വഴക്കും തല്ലും ആകപ്പാടെ ഒരു ജഗപൊക. വീട്ടിലൊരിക്കലും ആര്‍ക്കും മൂഡ് ഓഫ് ആയിരിക്കാന്‍ പറ്റില്ല. കാരണം എപ്പോഴും ചുറ്റിലും ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കും. ഞാന്‍ പ്ലസ് ടു ഒക്കെ പഠിക്കുന്ന സമയത്ത് എനിക്ക് ഇടയ്‌ക്കൊക്കെ ദേഷ്യം വരുമായിരുന്നു. വീട്ടിലെ ബഹളം കാണുമ്പോള്‍. അന്നോര്‍ത്തിട്ടുണ്ട് എന്തൊരു കഷ്ടമാണ് ഒന്ന് ഒറ്റയ്ക്കിരിക്കാന്‍ പോലും പറ്റുനില്ലല്ലോന്ന്. പക്ഷെ ഇവിടുത്തെ സന്തോഷവും സുഖവും വേറെവിടെയും കിട്ടില്ലന്ന് മനസ്സിലായത് ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോഴാണ്. അവിടെ ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ശെരിക്കും ദേഷ്യോം സങ്കടോം ഒക്കെ വരുമായിരുന്നു.
ഉറക്കം അച്ഛനും അമ്മയ്ക്കുമൊപ്പം
ഞങ്ങള്‍ നാലുപേരും ഇത്രയും വലുതായെങ്കിലും ഇപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം ഒരേ ബെഡ്‌റൂമിലാണ് എല്ലാവരും കിടക്കുന്നത്. മൂന്ന് പേര് ബെഡിലും ബാക്കി മൂന്ന് പേര്‍ നിലത്തും. ഒരു നിബന്ധന മാത്രമേയുള്ളൂ ബെഡ്‌റൂമില്‍ കയറും മുമ്പ് എല്ലാവരും മൊബൈല്‍ പുറത്തു വയ്ക്കണം.
ഉറക്കം ഒരു മുറിയില്‍ ആയതുകൊണ്ട് വലിയ മണി മാനേജ്‌മെന്റ് കൂടിയുണ്ട്. ഞങ്ങള്‍ നാലുപേരും നാലുമുറിയില്‍ കിടന്നാല്‍ സ്വാഭാവികമായും നാല് എ.സി, ലൈറ്റ്‌സ് ഒക്കെ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരും. ഇതാകുമ്പോള്‍ എല്ലാം ഒന്നില്‍ നിക്കും. വൈദ്യുതി ബില്ല് കൂടാതിരിക്കാന്‍ അച്ഛനും അമ്മയും കൂടി നടപ്പിലാക്കുന്ന ഒരു തന്ത്രമാണോ ഇതെന്നും സംശയമില്ലാതില്ല. നിറചിരിയോടെ പറഞ്ഞവസാനിപ്പിച്ച അഹാന ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു. പക്ഷെ എന്തുരസമാണന്നോ ആ ഉറക്കം. തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് സന്തോഷത്തോടെയാണ് ഞങ്ങളെല്ലാവരും ഉറങ്ങുന്നത്. അതുകൊണ്ട് രാവിലെ എണീക്കുമ്പോഴും ആ ഊര്‍ജ്ജം തീര്‍ന്നിട്ടുണ്ടാവില്ല.
വാടക വീട്ടിലെ കുട്ടികള്‍
ഞങ്ങള്‍ സ്വന്തമായി വീട് പണിയുന്നത് 2004 ആണ്. അതുവരെ പല സ്ഥലങ്ങളിലായി വാടക വീടുകളില്‍ ആയിരുന്നു താമസം. വാടകവീട്ടില്‍ താമസിക്കുന്ന സമയത്താണ് ഹന്‍സിക ഒഴികെ ഞങ്ങള്‍ മൂന്നുപേരും ഉണ്ടായത്. സ്വന്തമായി വീടുപണിത് താമസം തുടങ്ങിയപ്പോള്‍ അച്ഛന്‍ അമ്മയോട് ചോദിച്ചത്രേ, നമുക്ക് സ്വന്തം വീട്ടില്‍ ഒരു കുഞ്ഞുവേണ്ടേന്ന്. അങ്ങനെയാണ് ഞങ്ങളുടെ കുഞ്ഞുകാന്താരി ഹന്‍സു എന്ന ഹന്‍സിക ഉണ്ടായത്. അതുകൊണ്ട് ഞങ്ങള്‍ തമാശയ്ക്ക് എപ്പോഴും വീട്ടില്‍ പറയും ഞങ്ങളൊക്കെ വാടകവീട്ടിലെ കുട്ടികളും ഹന്‍സിക മാത്രം സ്വന്തം വീട്ടിലെ കുട്ടിയുമാണെന്ന്. അതുകേള്‍ക്കുമ്പോള്‍ അച്ഛനും അമ്മയും ചിരിക്കും.

വീടിനെ കടയാക്കിയ കുട്ടിക്കാലം
കുട്ടിക്കാലത്ത് വീട്ടില്‍ത്തന്നെ ഒരു പ്ലേ സ്‌കൂളിനുള്ള ആളുണ്ട്. ഞങ്ങള്‍ക്ക് വെറൈറ്റി കളികളായിരുന്നു.വീട്ടിലെ മുറികളെ ഞങ്ങള്‍ പല കടകളായി തിരിക്കും. ബെഡ്‌റൂം തുണിക്കടയാക്കും. അടുക്കള ഡി വിഡി ഷോപ്പ് അങ്ങനെയൊക്കെ. ഞാന്‍ ഉടമസ്ഥയായിരിക്കുന്ന കടയില്‍ സാധന വാങ്ങാന്‍ അനിയത്തിമാര്‍ ക്യൂ നില്‍ക്കു.
അന്നത്തെ വേറൊരു പ്രധാന വിനോദം അച്ഛന്റെ ട്രെഡ്മില്ലില്‍ ആണ്. ചെറുപ്രായത്തില്‍ എല്ലാവര്‍ക്കും ഒരു ഹരമാണല്ലോ എസ്‌കലേറ്റര്‍. ഞങ്ങള്‍ ട്രെഡ്മില്ലിനെ എസ്‌കലേറ്ററാക്കും. എന്നിട്ട് മാറി മാറി അതില്‍ കയറും. സ്‌കൂള്‍ വിട്ട് വരുന്നതേ അങ്ങോട്ടാണ് ഓടുക.
ഡാഡി കൂള്‍
അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അച്ഛന്‍ വളരെ കൂളാണ്. കാര്‍ക്കശക്കാരനേ അല്ല. അതുകൊണ്ട് എന്തും തുറന്നും പറയാം. ഒരു കൂട്ടുകാരനോട് ഇടപഴകുന്നതുപോലെ ഇടപഴകാം. അദ്ധ്വാനിച്ച് ജീവിക്കണം എന്നതാണ് അച്ഛന്റെ പോളിസി. അത് ഞങ്ങളോടും അച്ഛന്‍ പറഞ്ഞിട്ടുണ്ട്. പ്രിഫലത്തെക്കുറിച്ച് ചിന്തിക്കരുത്. ലക്ഷ്യത്തിലെത്താനുള്ള പടികള്‍ സ്വന്തമായി അദ്ധ്വാനിച്ച് കയറുകമാത്രം ചെയ്താല്‍ മതി ഫലം വന്നുകൊള്ളുമെന്ന്. അതുകൊണ്ട് ഞങ്ങളും എപ്പോഴും കൂളാണ്.
അമ്മയും അച്ഛനെപ്പോലെ നല്ല സപ്പോട്ടീവാണ്. പക്ഷെ അല്‍പ്പം ടെന്‍ഷനൊക്കെയുള്ള കൂട്ടത്തിലാണ്. എങ്ങനെ ടെന്‍ഷനടിക്കാതിരിക്കും ഞങ്ങള്‍ നാലുപെണ്‍മക്കളല്ലേ വളര്‍ന്നു വരുന്നത്. പരമാവധി ഞങ്ങളുടെ യാത്രയിലെല്ലാം അമ്മയും കൂടെ ഉണ്ടാകും. അമ്മ ഇല്ലെങ്കില്‍ അഞ്ച്മിനിട്ട് കൂടുമ്പോള്‍ ഫോണില്‍ വിളിച്ചോണ്ടിരിക്കും എവിടെത്തി എങ്ങനാവരുന്നെ എല്ലാം ഒക്കെയാണോ എന്നൊക്കെ ചോദിച്ച്. ഇക്കാലത്ത് പെണ്‍മക്കളുള്ള എല്ലാ അമ്മമാരും ഇങ്ങനെയാരിക്കൂന്ന് തോന്നുന്നു.
ഇനി അല്‍പ്പം സിനിമാക്കാര്യം
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയില്‍ വരുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പതിനെട്ടാം പടി, ലൂക്ക. അങ്ങനെയങ്ങനെ. സിനിമയ്ക്കിടയിലുള്ള ഇടവേള മനപ്പൂര്‍വം എടുത്തതൊന്നും അല്ല കേട്ടൊ. സിനിമ വന്നില്ല അതുകൊണ്ടാണ്.
സിനിമയാണ് എന്റെ ജീവിതം എന്ന് വിശ്വസിക്കുന്ന ആളൊന്നുമല്ല ഞാന്‍. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. നല്ല സിനിമകളുടെ ഭാഗമാകാന്‍ ഇനിയും സാധിക്കണമെന്നു തന്നെയാണ് ആഗ്രഹം. അതിനായാണ് കാത്തിരിക്കുന്നത്. ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രമാണ്.
പെട്ടന്ന് പ്രശസ്ത്രിയുടെ കൊടുമുടിയില്‍ എത്തിക്കുകയും പെട്ടന്ന് താഴേക്ക് ഇടുകയും ചെയ്യുന്ന ഒരു ജോലി മേഖലയാണ് സിനിമ എന്ന് നന്നായി അറിയാം. അച്ഛന്റെ ജീവിതത്തില്‍ നിന്നും അത് കണ്ട് പഠിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അച്ഛന്‍ പറഞ്ഞു തന്നിട്ടുള്ളതുപോലെ നേടിയതില്‍ അഹങ്കാരം തെല്ലുമില്ല. നേടാന്‍ ഉള്ളതിനെക്കുറിച്ച് ആവലാതികളുമില്ല. ഇന്നത്തെ സന്തോഷത്തില്‍ മാത്രം വിശ്വസിക്കുന്നു.

Spread the love

web desk

Leave a Reply

Your email address will not be published. Required fields are marked *