അങ്ങനെ വിനയ് കുമാർ വിനയ് ഫോർട്ടായി…
‘ജാവ സിംപിളാണ് പവർഫുളും’ ജാവയുടെ സൂത്രങ്ങൾ പറഞ്ഞുതന്ന് മലയാളികളെ ചിരിപ്പിച്ച വിമൽ സാറിനെ ആരും മറന്നു കാണില്ല. വിനയ് ഫോർട്ട് എന്ന നടന്റെ പ്രേക്ഷകഹൃദയങ്ങളിലെ ഇടംപിടിക്കലായിരുന്നു വിമൽ സാർ. അറിയാം വിനയ് ഫോർട്ടിന്റെ സിനിമയും ജീവിതവും
കഥ ഇതുവരെ…
അഭിനയ മോഹിയായ വിനയ് കുമാർ എന്ന പയ്യൻ തന്റെ സ്വപ്‌നമായ സിനിമ എത്തിപ്പിടിക്കുന്നതും തുടർന്നുള്ള അവന്റെ ജീവിതവും ആണ് എന്റെ കഥ. ഇപ്പോൾ പത്ത് വർഷമായി സിനിമയിൽ വന്നിട്ട്. 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷെ, എന്തുകൊണ്ടൊക്കെയോ പ്രേക്ഷകർ എന്നെ ശ്രദ്ധിച്ചു തുടങ്ങിയത് ഈ അടുത്തകാലം മുതലാണെന്ന് തോന്നുന്നു. സിനിമയിൽ എത്തിപ്പെടാൻ ഞാൻ എടുത്ത കഠിനാദ്ധ്വാനത്തിന്റെ അത്രതന്നെ അല്ലെങ്കിൽ അതിന്റെ ഇരട്ടി പരിശ്രമിച്ചതിന്റെ ഫലമാണ് ഇപ്പോൾ ലഭിക്കുന്ന ഈ അംഗീകാരമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ശ്യാമപ്രസാദ് സാറിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ഞാൻ മലയാള സിനമയിലേക്ക് വരുന്നത്. സിനിമയിൽ വരുന്നതിന് മുൻപേ നാടകങ്ങളിൽ സജീവമായിരുന്നു. ശരിക്കും അഭിനയത്തിൽ എനിക്കുള്ള അടിത്തറ നാടകം ആണ്.
vinay fort അല്ല viay forrt
എന്റെ യഥാർത്ഥപേര് വിനയ് കുമാർ എന്നാണ്. ഫോർട്ട് കൊച്ചിയാണ് താമസിക്കുന്നത്. സിനമയിൽ എത്തിയപ്പോൾ പേരിന് എന്തെങ്കിലും ഒരു പുതുമ വേണമെന്ന് തോന്നി. അങ്ങനെയാണ് താമസിക്കുന്ന സ്ഥലത്തിന്റെ ഒരുഭാഗം കൂടി പേരിനോട് ചേർക്കാമെന്ന് കരുതിയത്. അങ്ങനെ പേര് മാറ്റത്തെക്കുറിച്ച് വീട്ടിൽ ചർച്ചകൾ നടന്നു. ഞാൻ പറഞ്ഞു വിനയ് ഫോർട്ട് (vinay fort) എന്നിടാം. അപ്പോഴാണ് ന്യൂമറോളജിസ്റ്റായ എന്റെ ചേട്ടൻ ഇടപെട്ടത്. പുള്ളി പറഞ്ഞു അങ്ങനെയാണെങ്കിൽ വിനയ് ഫോർട്ടിലെ ഫോർട്ട് fort എന്നതിന് പകരം forrt എന്നാക്കിയാൽ നന്നാകുമെന്ന്. പൊതുവേ എനിക്ക് വ്യക്തിപരമായി ഇത്തരം കാര്യങ്ങളിലൊന്നും വിശ്വസമില്ല. പക്ഷെ ചേട്ടൻ പറഞ്ഞതു കേട്ടപ്പോൾ അമ്മയ്ക്ക് നിർബന്ധം അങ്ങനെ വേണമെന്ന്. പിന്നെ അവരുടെ ഒക്കെ സന്തോഷം അതാണെങ്കിൽ അങ്ങനെയാകട്ടെ എന്നു കരുതി. അതാണല്ലോ നമ്മുടെ സന്തോഷം. ന്യൂമറോളജിയിലും അസ്‌ട്രോളജിയിലും ഒന്നും ഞാൻ വിശ്വസിക്കുന്നില്ല എന്നു പറയാൻ കാരണം, എനിക്ക് തോന്നിയിട്ടുള്ളത് ഇതെല്ലാം നമ്മളെ കൂടുതൽ മടിയൻമാരാക്കുമെന്നാ. നമ്മൾ അദ്ധ്വാനിച്ചാൽ അതിനുള്ള ഫലം ലഭിക്കും അതാണ് എന്റെ വിശ്വാസം.
അങ്ങനെ ഞാൻ സിനിമാക്കാരനായി…
ജീവിതത്തിൽ ഞാൻ എന്തെങ്കിലും ആയി തീർന്നാൽ അതിനുള്ള പൂർണ ക്രെഡിറ്റും നാടകത്തിനാണ്. നാലാം ക്ലാസ്സിൽ എനിക്ക് നാടകം കളിക്കാൻ ഉള്ള അവസരം കിട്ടിയിരുന്നില്ല എങ്കിൽ ഇന്ന് നിങ്ങൾ കാണുന്ന വിനയ് ഫോർട്ട് ഉണ്ടാകുമായിരുന്നില്ല. ചെറുപ്രായത്തിൽ തന്നെ സ്റ്റേജുകളിൽ നാടകം കളിക്കുന്നു, അഭിനയിക്കുന്നു, ആളുകൾ കൈയടിക്കുന്നു, അതിന്റെ ഭാഗമായി യാത്ര ചെയ്യാൻ പറ്റുന്നു, പുതിയ ആളുകളെ കാണാൻ സാധിക്കുന്നു ഇതൊക്കെ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്ന കാര്യം അഭിനയമാണ്.
ആ തിരിച്ചറിവാണ് എന്നെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചത്. സ്മിത പാട്ടീൽ, ശബാന ആസ്മി, ഓംപുരി ഒക്കെയും പഠിച്ച ഒരു ഫിലിം സ്‌കൂൾ ആണത്. അവിടെ എന്നെ പോലത്തെ വെറും സാധാരണക്കാരനും അത്രയൊന്നും പൊട്ടൻഷ്യലും ഇല്ലാത്ത ഒരാൾക്ക് അഡ്മിഷൻ കിട്ടാൻ കാരണമായി എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും അത് നാടകം ആയിരുന്നു. ഞാൻ അഞ്ചു വർഷം വളരെ സീരിയസ് ആയി തീയേറ്റർ ചെയ്തത് കൊണ്ട് മാത്രമാണ് ഫിലിം സ്‌കൂളിൽ അഡ്മിഷൻ കിട്ടിയത്. അവിടുത്തെ പഠനത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും പറ്റി. വലിയ ആളുകളുമായി ഇടപഴകാൻ പറ്റി, കഴിവുകളുള്ള സുഹൃത്തുക്കൾക്കൊപ്പം ഒരു ക്ലാസ്സിൽ ഇരുന്നു പഠിക്കാനുള്ള ഭാഗ്യം ഉണ്ടായി. എന്നെ മറ്റൊരു തരത്തിൽ ശക്തനാക്കിയത് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ്.
നസ്‌റുദ്ദീൻ ഷായ്‌ക്കൊപ്പം
ജീവിത്തിൽ കിട്ടിയ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് നസ്‌റുദ്ദീൻ ഷാ യെന്ന ലെജൻഡിനൊപ്പം ഒരു സ്‌ക്രീൻ പങ്കിടാൻ പറ്റുക എന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സീനിയറായിരുന്ന അനൂപ് കുര്യൻ സംവിധാനം ചെയ്ത ഒരു ചെറിയ ചിത്രത്തിലായിരുന്നു അത്. ദി ബ്ലൂബറി ഹണ്ട് എന്നാണ് ചിത്രത്തിന്റെ പേര്. വാഗമണ്ണിലായിരുന്നു ഷൂട്ട്. ആ സമയത്ത് അപൂർവരാഗം എന്ന ചിത്രത്തിന്റെ ഷൂട്ടും നടക്കുന്നതുകൊണ്ട് എനിക്ക് ഒരുപാട് ദിവസം അവിടെ പോയി നിൽക്കാൻ സാധിച്ചില്ല. അതൊരു വിഷമം ആണ്. ചെറിയ ഒരു വേഷമാണ് ചിത്രത്തിൽ എന്റേത്. നസ്‌റുദ്ദീൻ ഷാ യെ വെടിവെച്ചിടുന്ന ഒരു സീനായിരുന്നു എന്റേത്. നാലു ദിവസമേ അവിടെ അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞൊള്ളൂ എങ്കിലും ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന മുഹൂർത്തങ്ങളിൽ ഒന്നാണ്.
ഭൂതം-ഭാവി-വർത്തമാനം
എന്റെ ഭൂതകാലവും ഭാവി കാലവും വർത്തമാനകാലവും പറയാൻ വളരെ എളുപ്പമാ. എല്ലാകാലങ്ങളും ഒറ്റ കാര്യത്തിൽ കേന്ദ്രീകരിച്ചാണ്, അഭിനയം. വിനയ് കുമാർ എന്ന പയ്യൻ സിനിമയെ സ്വപ്‌നംകണ്ട് ആഗ്രഹിച്ച് അദ്ധ്വാനിച്ച് സിനിമാക്കാരൻ വിനയ് ഫോർട്ട് ആകുന്നതാണ് ഭൂതകാലം. വർത്തമാനകാലത്തിലും അവന് മാറ്റം ഒന്നും ഇല്ല. ഇപ്പോഴും അഗ്രഹിക്കുന്നതും അദ്ധ്വാനിക്കുന്നതും അതിനുവേണ്ടി തന്നെ, കൂടുതൽ കൂടുതൽ മികച്ച നടനാകണം. ഇനി ഭാവി പറയുകയാണെങ്കിലും സ്വപ്‌നവും ആഗ്രവും ഒന്നുമാത്രം. അഭിനയം.
രസകരവും വിജ്ഞാനപ്രദവുമായ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി keralastories ഫേസ്ബുക്ക് പേജ് ഫോളോയും ലൈക്കും ചെയ്യുക.

