കളര്‍കോട്ട് വാഹനാപകടത്തില്‍ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു; മരണം ആറായി
കളര്‍കോട്ട് വാഹനാപകടത്തില്‍ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറയില്‍ അല്ബിന് ജോര്‍ജ് (20) ആണ് മരിച്ചത്. ഇതോടെ കളര്‍കോട് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം ആറായി. ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന അല്‍ബിനെ ഇന്നലെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ച അല്ബിന് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ സാധിച്ചിരുന്നില്ല.
മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് എറണാകുളത്തേക്ക് അല്‍ബിനെ മാറ്റിയത്. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളര്‍കോട് എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതും അഞ്ച് പേര് മരിച്ചതും.
അപകടത്തില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര് ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു കാറുമായി വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.

