ആയുർവേദം കാന്‍സര്‍ മാറ്റി; സിദ്ധുവിനെതിരെ കേസെടുക്കാനാകില്ലെന്ന് കോടതി
ന്യൂഡല്‍ഹി: ആയുര്‍വേദ ഭക്ഷണ ക്രമം ഭാര്യയുടെ കാന്‍സര്‍ മാറ്റിയെന്ന പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധുവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. സിദ്ധും തന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും രാജ്യത്ത് ഇപ്പോഴും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് മന്മോഹന്, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
”അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. നിങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടെങ്കില്‍ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞോളൂ. അഭിപ്രായ സ്വാതന്ത്ര്യത്തെ അഭിപ്രായ സ്വാതന്ത്ര്യം കൊണ്ടു നേരിടൂ. ”- കോടതി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കണമെന്നു പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതു കോടതിയുടെ പണിയല്ല. അദ്ദേഹം പറയുന്നത് അംഗീകരിക്കാനാവുന്നില്ലെങ്കില്‍ കേള്‍ക്കണ്ട, അത്ര തന്നെ- കോടതി പറഞ്ഞു. പല രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാമെന്നു പറഞ്ഞ് ആയിരക്കണക്കിന് ആള്ക്കാര് വരുന്നുണ്ട്. അവര്‍ക്കെല്ലാമെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹാനികരമാണെന്ന് പറയാന്‍ കഴിയില്ല. നിങ്ങള്‍ക്ക് മോശമായി തോന്നിയേക്കാവുന്ന ധാരാളം പുസ്തകങ്ങളുണ്ട്. അവ വായിക്കരുത്. ആരാണ് അത് വായിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്.- കോടതി പറഞ്ഞു. റിട്ട് പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഹര്ജിക്കാരന് പിന്‍വലിക്കാന്‍ അനുമതി തേടി.
നവംബര്‍ 21 ന് അമൃസറില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഭക്ഷണക്രമവും ജീവിത ശൈലിയും മാറ്റിയതുകൊണ്ട് ഭാര്യയ്ക്ക് കാന്‍സര്‍ ഭേദമായെന്ന് നവജോത് സിങ് അവകാശവാദം ഉന്നയിച്ചത്. നാരങ്ങാവെള്ളം, പച്ചമഞ്ഞള്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വേപ്പില, തുളസി, മത്തങ്ങ, മാതള നാരങ്ങ, ബീറ്റ്റൂട്ട്, വാല്‍നട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതായി നവജോത് സിങ് പറഞ്ഞിരുന്നു. സിദ്ധുവിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ ചാനലുകളിലും പ്രചരിച്ചു. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ അദ്ദേഹത്തിന് ആളുകള്‍ക്കിടയില്‍ സ്വാധീനമുണ്ട്. അതിനാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വിഡിയോകള്‍ തടയണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. പൊതുവിഷയങ്ങളില്‍ തല്പ്പരനാണെങ്കില് മദ്യത്തിന്റേയും സിഗരറ്റിന്റേയും നിര്‍മാണത്തിനെതിരെ ഹര്‍ജി നല്‍കണമെന്ന് ജസ്റ്റിസ് ഗെഡേല ഹര്‍ജിക്കാരനോട് പറഞ്ഞു.

