സംഭാൽ സന്ദർശനം; രാഹുല്‍ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും തടഞ്ഞു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സന്ദര്‍ശനം നടത്താന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരെ പൊലീസ് തടഞ്ഞു. ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേയില്‍ ഗാസിപൂര്‍ അതിര്‍ത്തിയില്‍ വെച്ചാണ് പൊലീസ് രാഹുലിനെയും സംഘത്തെയും തടഞ്ഞത്. ഇതിനു പിന്നാലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചു കൂടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനായി വന്‍ ബാരിക്കേഡുകള്‍ അടക്കം നിരത്തിയാണ് പൊലീസ് പ്രതിരോധം തീര്‍ത്തത്.
അതിര്‍ത്തിയിലും സമീപപ്രദേശങ്ങിലും യുപി പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. രാവിലെ 10.15 ഓടെയാണ് രാഹുലും സംഘവും സംഭാലിലേക്ക് പുറപ്പെട്ടത്. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരും, എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സംഘത്തിലുണ്ട്.

